അട്ടപ്പാടിയിൽ നാഷണൽ മില്ലറ്റ് കോണ്ക്ലേവിന് തുടക്കം
1297689
Saturday, May 27, 2023 1:17 AM IST
അഗളി : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അഗളി ക്യാന്പ് സെന്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നാഷണൽ മില്ലറ്റ് കോണ്ക്ലേവിന് തുടക്കമായി. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
പോഷകമൂല്യമുള്ള ചെറുധാന്യങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ കൃഷി ചെയ്ത് നല്കുന്ന കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ ഉല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണനമൂല്യം ലഭ്യമാകുന്നതിനാവശ്യമായ സാഹചര്യവും കർഷകർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് കൃഷിയിലൂടെയുള്ള അവരുടെ വരുമാനം വർധിക്കണമെന്നും മന്ത്രി പറഞ്ഞു.അഗളി അട്ടപ്പാടി ക്യാന്പ് സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ. എൻ.ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി.
വേദിയിൽ ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മയെ കുടുംബശ്രീ ആദരിച്ചു. കുടുംബശ്രീ മുഖേന അട്ടപ്പാടിയിൽ നടപ്പാക്കിയ മഹിളാ കിസാൻ സശാക്തീകരണ് പരിയോജന പദ്ധതി സൃഷ്ടിച്ച മാറ്റങ്ങൾ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകയും അധ്യാപികയുമായ ഡോ.എസ്. ശാന്തി തയ്യാറാക്കിയ പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ എൻ.ആർ.എൽഎം ഡെപ്യൂട്ടി ഡയറക്ടർ രമണ് വാദ്ധ്വയ്ക്ക് നല്കി പ്രകാശനം ചെയ്തു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. രാമമൂർത്തി, ജ്യോതി അനിൽ കുമാർ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു, അഗളി ഗ്രാമപഞ്ചായത്ത് അംഗം മിനി ജി. കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.കെ ചന്ദ്രദാസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസറും അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസറുമായ ബി.എസ് മനോജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.