അഗളി: പരന്പരാഗത ഭക്ഷ്യവസ്തുകളുടെ വിത്തുകളും പച്ചക്കറി വിത്തുകളും ആദ്യഘട്ടമായി വിതച്ചുകൊണ്ട് ഗോത്രവിഭാഗത്തിന്റെ കാർഷിക ഉത്സവമായ കന്പളത്തിന് അട്ടപ്പാടിയിൽ തുടക്കമായി.
കള്ളക്കര ഉൗരിൽ 22 സംഘ കൃഷി ഗ്രൂപ്പുകൾ 42.5 ഏക്കറിൽ ചെറു ധാന്യങ്ങൾ ഉൾപ്പടെ വിവിധ വിളകൾ കൃഷി ചെയ്തുകൊണ്ടാണ് കന്പളത്തിന് തുടക്കമിട്ടത്.
ഗോത്രജനത കാർഷിക ഉപജീവന മേഖലയിലെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്ന പരന്പരാഗത കാർഷിക ഉത്സവമാണ് കന്പളം.
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കള്ളക്കര ഉൗരിൽ ഉൗര് സമിതിയുടെ നേതൃത്തിൽ ഗോത്രാചാര പ്രകാരമാണ് കന്പളത്തിന് തുടക്കം കുറിച്ചത്.
മണ്ണൂക്കാരൻ ഭൂമി പൂജ നടത്തി. പഞ്ചകൃഷിക്കുള്ള റാഗി, ചാമ, തിന തുടങ്ങിയ പാരന്പര്യ ഭക്ഷ്യ മേള, വിത്ത് കൈമാറ്റം, ഗോത്ര നൃത്തം തുടങ്ങിയ വിവിധ പരിപാടികളും കാർഷികോത്സവത്തിന്റെ ഭാഗമായി നടന്നു.
ഷോളയൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന ഷണ്മുഖൻ, സെക്രട്ടറി പ്രജ നാരയണൻ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ബി.എസ്. മനോജ്, വാർഡ് മെന്പർ ജിതേഷ് ഉണ്ണി, ഉൗര് സമിതി പ്രസിഡന്റ് മുരുകി, സെക്രട്ടറി നഞ്ചമ്മ, ഉൗര് തല ഭണ്ഡാരി ബാലൻ, കുറുന്തല മുരുകൻ, കൃഷി കോർഡിനേറ്റർ ഇ. സൈജു, കണ്‍സൽട്ടന്റ് അലിയാർ, പാരപ്രൊഫഷണൽ രാജമ്മ, പഞ്ചായത്ത് സമിതി, ഉൗര് സമിതി, ജെ.എൽ.ജി. കർഷകർ, പഞ്ചായത്ത് സമിതി ഭാരവാഹികൾ, പദ്ധതി നിർവഹണ യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.