പാലക്കാട് : സാധാരണക്കാരന്റെ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയ ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് തല താക്കോൽദാന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് പനയൂർ വണ്ടികുന്നത്ത് രേണുകക്ക് താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപ അനുവദിച്ചാണ് വീടിന്റെ നിർമാണം പൂർത്തീകരിച്ചത്. ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി വാണിയംകുളം പഞ്ചായത്തിൽ 2021-2022 വർഷത്തിൽ 55 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട് .ഇതിൽ എസി വിഭാഗത്തിൽ മൂന്നും, ജനറൽ വിഭാഗത്തിൽ 33 , അഡീഷണൽ എസ്.സി ലിസ്റ്റിൽ 19 പേരുമാണ് ഗുണഭോക്താക്കൾ. മൂന്ന് സെന്റ് സ്ഥലത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ച് ഇതിലെ 30 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് , രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അസ്വാസ്ഥ്യങ്ങളുള്ളവർ, അഗതികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, അവിവാഹിതരായ അമ്മമാർ, അപകടത്തിൽപ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവർ, വിധവകൾ എന്നിവർക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയിൽ വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ അധ്യക്ഷനായി. എൻ.പി. കോമള ടീച്ചർ, സുജിത്ത് പി. രാജ്, ഇ.പി. രഞ്ജിത്ത്, വി.ടി. നളിനി, ജയശ്രീ, വിഇഒ ജയൻ, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.