പാലക്കാട്: സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികൾ ഉടൻ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർബിഡിസികെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ നടക്കാവ്, വാടാനംകുറുശി മേൽപ്പാലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ഓണ്ലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തടസരഹിതമായ റോഡ് ശൃംഖല സൃഷ്ടിക്കുന്നതിനാണ് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിന് തുടക്കമിടുന്നത്. റെയിൽവേ ക്രോസുകൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ പശ്ചാത്തല വികസനം നടപ്പാക്കുന്നതിനായി കിഫ്ബി, കെഎസ്ടിപി, വാർഷിക പദ്ധതികൾ എന്നിവയിലൂടെ 25,000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതിൽ പതിനായിരം കോടിയുടെ പദ്ധതികൾ ഉടൻ പൂർത്തിയാകും. 8383 കി. മീ റോഡ് നിർമാണം പുരോഗതിയിലാണ്.
സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത കൂട്ടുന്ന 10 മേൽപ്പാലങ്ങൾക്കായി 251 കോടി ആർബിഡിസികെയ്ക്ക് കൈമാറിയതായി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പരിപാടിയിൽ ധനമന്ത്രി ഡോ.തോമസ് ഐസക് മുഖ്യാതിഥിയായി. സംസ്ഥാനത്തൊട്ടാകെ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മന്ത്രി എ.സി മൊയ്തീൻ, ആർബിഡിസികെ മാനേജിംഗ് ഡയറക്ടർ ജാഫർ മാലിക്, എംഎൽഎമാർ, എംപിമാർ, പങ്കെടുത്തു.
റെയിൽവേ മേൽപ്പാല നിർമാണത്തിന് വേണ്ട ഫണ്ടും സാങ്കേതിക അനുമതിയും ആർബിഡിസികെയ്ക്ക് കൈമാറിയിട്ടുള്ളതിനാൽ നിർമാണം പൂർത്തിയാക്കി ഉടൻ തന്നെ ഗതാഗതയോഗ്യമാക്കണമെന്നു സ്ഥലം എംഎൽഎയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. വി.എസ് അച്യുതാനന്ദന് വേണ്ടി പിഎ എൻ.അനിൽകുമാറാണ് പ്രസംഗം അവതരിപ്പിച്ചത്. അകത്തേത്തറ റെയിൽവേ ഗേറ്റിന് സമീപം സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് പരിപാടിയിൽ അധ്യക്ഷനായി. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ ഇന്ദിര, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാധിക മാധവൻ, എൻ പി ബിന്ദു, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം വി. കെ. ജയപ്രകാശ്, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സണ് കാഞ്ചന സുദേവൻ, അകതെത്തറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് മെന്പർ കെ സി ജയപാലൻ,വാർഡ് മെന്പർമാരായ ഗീത,സുധീർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാദാശിവൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസ് മാത്യൂസ്, മോഹനൻ പള്ളിക്കൽ, തങ്കമണി ടീച്ചർ, മാത്യു പൊന്മല, ശിവ രാജേഷ്, മുരളീധരൻ, പി സോഹൻ, അഡ്വ. ഗോകുൽദാസ്, വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പി എ എൻ അനിൽകുമാർ, ഓഫീസ് സ്റ്റാഫ് ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
വാടാനംകുറുശ്ശി ഗേറ്റിന് സമീപം നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി. നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. പട്ടാന്പി മുനിസിപ്പൽ ചെയർപേഴ്സണ് ഒ. ലക്ഷ്മികുട്ടി, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പട്ടാന്പി മുനിസിപ്പൽ വൈസ് ചെയർമാൻ ടി. പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.