പാലക്കാട്: നിയമസഭതിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഫ് പ്രകടന പത്രിക കമ്മിറ്റിയുടെ സിറ്റിംഗ് പാലക്കാട് നടന്നു. അംഗങ്ങളായ ബെന്നി ബെഹനാൻ എംപി, മുൻ ആസൂത്രണ കമ്മിഷൻ അംഗം സി.പി.ജോണ്‍, ഫോർവേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ എന്നി സമിതി അംഗങ്ങളാണ് പങ്കെടുത്തത്.
വ്യാപാരി വ്യവസായി സംഘടനകൾ, വ്യവസായിക കാർഷിക മേഖല, കലാ സാംസ്കാരിക കായികവിദ്യാഭ്യാസ മേഖല പ്രതിനിധികൾ, സ്വകാര്യ ആശുപത്രി, പിഎസ്സി റാങ്ക് ഹോൾഡേഴ്സ്, റസിഡൻഷ്യൽ അസോസിയേഷൻ, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ, മലയോര കർഷകർ, ആദിവാസി പ്രതിനിധികൾ, സാമൂദായിക സംഘടന പ്രതിനിധികൾ, നെല്ല് കർഷകർ, ചാർട്ടേഡ് അക്കൗണ്ട്സ്, ഐടി മേഖല, സർവീസ് പെൻഷൻ, പൊതുമേഖല സ്ഥാപനങ്ങൾ, സർവീസ് സംഘടനാ ട്രെഡ് യൂണിയൻ യുവജന സംഘടനാ പ്രതിനിധികൾ, ക്ഷീര കർഷകർ, റബ്ബർ നാളികേര കർഷകർ, പ്രവാസികൾ, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 110 പ്രതിനിധികൾ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
പാലക്കാട് സമഗ്ര വികസന പാക്കേജ്, നിള നദീതട വികസന അതോറിറ്റി, വാളയാർ മുതൽ പൊന്നാനി വരെ നാലുവരി ഹൈവേ, തുഞ്ചത്ത് എഴുത്തച്ഛന് ഉചിതമായ സ്മാരകം, ജില്ലയിലെ ഡാമുകൾ മലയോര മേഖലകൾ, വന്യജീവി കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര ടൂറിസ്റ്റ് പാക്കേജ് തുടങ്ങി വികസനോന്മുഖമായ വളരെയേറെ നിർദ്ദേശങ്ങൾ ലഭിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ബാലഗോപാൽ സ്വാഗതം പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ വി.എസ് വിജയ രാഘവൻ, കെ.എ ചന്ദ്രൻ, മരക്കാർമാരായ മംഗലം, സി.പി മുഹമ്മദ്, പി.കലാധരൻ, ജോബി ജോണ്‍, സി.ചന്ദ്രൻ, പി.വി രാജേഷ്, പി.സി ബേബി എന്നിവർ പങ്കെടുത്തു.