ഫ​സ്റ്റ് ബെ​ല്ലും ജ​ന​ഗ​ണ​മ​ന​യു​മി​ല്ല ; ഇ​ന്ന് ക്ലാ​സ് തു​ട​ങ്ങാണ്...
Monday, June 1, 2020 12:18 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: എ​ടാ സ്കൂ​ള് തൊ​റ​ക്ക​ണ ദി​വ​സാ ഇ​ന്നെ​ങ്കി​ലും നേ​ര​ത്തെ​ണീ​ക്ക്... ഇ​ന്ന് ഒ​രു വീ​ട്ടി​ലും ഈ ​വ​ർ​ത്ത​മാ​ന​മു​ണ്ടാ​കി​ല്ല. മൂ​ടി​പ്പു​ത​ച്ചു​കി​ട​ന്നു​റ​ങ്ങു​ന്ന ഒ​രു കു​ട്ടി​ക്കും ഇ​ന്നു നേ​ര​ത്തെ എ​ഴു​നേ​റ്റ് കു​ളി​ച്ചൊ​രു​ങ്ങി സ്കൂ​ളി​ലേ​ക്കു പോ​ക​ണ്ട...
വ​രു​വാ​നി​ല്ലാ​രു​മീ വി​ജ​ന​മാ​മീ​വ​ഴി​ക്ക​റി​യാം അ​തെ​ന്നാ​ലു​മെ​ന്നും....ഓ​രോ സ്കൂ​ളു​ം ഇ​ന്നു കാ​ത്തി​രി​ക്കും, ക​ളി​മു​റ്റ​ത്തേ​ക്കോ​ടി​യെ​ത്തു​ന്ന ചെ​റു​ബാ​ല്യ​ങ്ങ​ളെ....പ​ക്ഷേ ആ​രും...കോ​വി​ഡും ലോ​ക്ക് ഡൗ​ണും ചേ​ർ​ന്ന് പ​ല​തും ക​വ​ർ​ന്നെ​ടുത്ത കൂ​ട്ട​ത്തി​ലേ​ക്കു ചേ​ർ​ത്തു​വ​യ്ക്കാം അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ആ​ദ്യ ദി​ന​ത്തേ​യും...
കു​സൃ​തി​ക്കൂ​ട്ടു​കാ​രു​ടെ പു​ത്ത​ൻ യൂ​ണി​ഫോ​മും ബാ​ഗും കു​ട​യും ന​ന​യി​ക്കാ​ൻ ക​ഴി​യാ​തെ മ​ഴ​മേ​ഘ​ങ്ങ​ൾ ഇ​ന്ന് ആ​കാ​ശ​വീ​ഥി​ക​ളി​ൽ പി​ണ​ങ്ങി നി​ൽ​ക്കും. ഒ​രു വേ​ന​ല​വ​ധി​ക്കാ​ല​ത്തി​ന്‍റെ പ​റ​ഞ്ഞു​തീ​രാ​ത്ത വി​ശേ​ഷ​ങ്ങ​ളു​മാ​യി പ​ഴ​യ കൂ​ട്ടു​കാ​രെ കാ​ണാ​ൻ വെ​ന്പ​ലോ​ടെ ഓ​ടി എ​ത്തു​ന്ന സൗ​ഹൃ​ദ​ത്തി​ന്‍റെ പൊ​ൻ​വെ​യി​ലും ഇ​ന്ന് സ്കൂ​ളു​ക​ളി​ൽ പ​ര​ക്കി​ല്ല...
ആ​ദ്യ​മാ​യി സ്കൂ​ളി​ന്‍റെ പ​ടി​ക​ട​ന്നെ​ത്തി ക​ര​ച്ചി​ലി​ന്‍റെ മേളം തീ​ർ​ക്കാ​ൻ ഇ​ന്നാ​രു​മെ​ത്തി​ല്ല. ക​ര​ച്ചി​ലു​ക​ൾ കേ​ൾ​ക്കാ​തെ ന​മ്മു​ടെ സ്കൂ​ൾ ചു​മ​രു​ക​ൾ​ക്ക് ഇ​താ​ദ്യ​മാ​യൊ​രു അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭം. ചി​ന്നി​പ്പെ​യ്യു​ന്ന മ​ഴ​യ്ക്കൊ​പ്പ​മു​ള്ള ചി​ണു​ങ്ങി​ക്ക​ര​യ​ലു​ക​ളി​ല്ലാ​തെ...
നി​റ​മു​ള്ള ബ​ലൂ​ണു​ക​ളും മ​ധു​ര​മു​ള്ള മി​ഠാ​യി​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും ക​ളി​ച്ചിരി​ക​ളും നി​റ​യേ​ണ്ട വി​ദ്യാ​ല​യാ​ങ്ക​ണ​ങ്ങ​ൾ ഇ​ന്ന് ആ​ളൊ​ഴി​ഞ്ഞ് ആ​ർ​പ്പും ആ​ര​വ​ങ്ങ​ളു​മി​ല്ലാ​തെ വി​ങ്ങ​ലോ​ടെ മ​യ​ങ്ങി​ക്കി​ട​ക്കും.
വീ​ടു​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും ടി​വി​ക്കും ക​ന്പ്യൂ​ട്ട​റി​നും മൊ​ബൈ​ൽ​ഫോ​ണു​ക​ൾ​ക്കും മു​ന്നി​ൽ അ​പ്പോ​ൾ ക്ലാ​സു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കും.
സ​മ​യം തെ​റ്റാ​തെ ഓ​ണ്‍​ലൈ​നു​ക​ളി​ൽ ക്ലാ​സു​ക​ൾ അ​പ്‌ലോ​ഡാ​യി​ക്കൊ​ണ്ടേ​യി​രി​ക്കും.
സ്കൂ​ൾ ബ​സി​നുവേ​ണ്ടി കാ​ത്തു​നി​ൽ​ക്കാ​തെ, സാ​ധാ​ര​ണ ബ​സി​ൽ ക​ണ്ട​ക്ട​റു​ടെ​യും കി​ളി​യു​ടേ​യും ചീ​ത്ത​വി​ളി കേ​ൾ​ക്കാ​തെ, മ​ഴ​വെ​ള്ളം ത​ട്ടി​ത്തെ​റി​പ്പി​ച്ച് ഇ​ട​വ​ഴി താ​ണ്ടാ​തെ, സ്കൂ​ൾ വ​രാ​ന്ത​ക​ളും ക്ലാ​സ് മു​റി​ക​ളും ന​ന​ഞ്ഞ ഈ​റ​ൻ​മ​ണ​ത്തി​ൽ കു​തി​രാ​തെ ഒ​രു സ്കൂ​ൾ തു​റ​ക്ക​ൽ....
"മ​തി ഉ​റ​ങ്ങീ​ത്, എ​ഴു​ന്നേ​ല്ക്ക് 'എ​ന്ന് വീ​ട്ടു​കാ​ർ കു​ട്ടി​ക​ളോ​ട് പ​റ​യാ​ത്ത ആ​ദ്യ​ത്തെ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭം. മ​ടി​യ​ന്മാ​രാ​യ ക​ളി​ക്കൂ​ട്ടു​കാ​ർ​ക്കി​തു പെ​രു​ത്തി​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. പ​ക്ഷേ സ്കൂ​ളി​ൽ പോ​കാ​ൻ പ​റ്റാ​തെ വ​ന്ന​പ്പോ​ഴാ​ണു സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ തോ​ന്നു​ന്ന​തെ​ന്നു അ​വ​ർ സ​മ്മ​തി​ക്കു​ന്നു.
ഫ​സ്റ്റ് ബെ​ല്ലു​ക​ളി​ല്ല, ഇ​ന്‍റ​ർ​വെ​ല്ലു​ക​ളും. പാ​ച​ക​പ്പു​ര​യി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ കൊ​തി​പ്പി​ക്കു​ന്ന മ​ണം മ​ഴ​ത്തു​ള്ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ ക്ലാ​സു​ക​ളി​ലേ​ക്കു വ​രി​ല്ല.
ഇ​തു​വ​രെ പ​ഠി​ച്ച​പോ​ലെ​യോ പ​ഠി​പ്പി​ച്ച പോ​ലെ​യോ അ​ല്ല ഇ​നി കു​റ​ച്ചു​കാ​ല​ത്തേ​ക്കെ​ങ്കി​ലും.
നനഞ്ഞുകുതിർന്ന യൂണിഫോമു കളുടെ മ​ണം കെ​ട്ടി നിൽക്കു​ന്ന ക്ലാ​സ് മു​റി​ക​ൾ ഓ​ർ​മ​യി​ല്ലേ... കു​ട​ക​ളി​ൽ വി​ട്ടു​പോ​കാ​തെ നി​ന്ന മ​ഴ​വെ​ള്ളം പ​തി​യെ ഉൗ​ർ​ന്നി​റ​ങ്ങി ക്ലാ​സ് മു​റി​ക​ളി​ലെ ത​റ​യോ​ടു​ക​ളെ ന​ന​പ്പി​ക്കു​ന്ന​ത് മ​റ​ക്കാ​നാ​കു​മോ...
ഉ​ച്ച​യ്ക്ക് ഒ​രു ബെ​ഞ്ചി​ൽ മു​ഖാ​മു​ഖം നോ​ക്കി​യി​രു​ന്ന് ഇ​ല​പ്പൊ​തി​യ​ഴി​ച്ച് പ​ര​സ്പ​രം ക​റി​ക​ൾ പ​ങ്കി​ട്ടു​ണ്ട​തും മ​ഴ​വെ​ള്ളം ചെ​മ്മ​ണ്ണു​നി​റ​ത്തി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മൈ​താ​ന​ത്ത് മ​ഴ​യെ കൂ​സാ​തെ പ​ന്തു​ക​ളി​ച്ച​തും...​ സ്കൂ​ൾ വി​ടും മു​ൻ​പേ ക​രി​മേ​ഘ​ക്കൂ​ട്ട​ങ്ങ​ൾ സ്കൂ​ളി​ന് പു​റ​ത്ത് കാ​ത്തു​നി​ന്ന​തും ഇ​ന്ന​ലെ​യാ​യി​രു​ന്നു... ഇ​ന്ന​തൊ​ന്നു​മി​ല്ല...മ​ധു​ര​ച്ചൂര​ലു​ക​ളു​ടെ ശീ​ൽ​ക്കാ​ര​മി​ല്ല, ഇം​പോ​സി​ഷ​ന്‍റെ ആ​വ​ർ​ത്ത​ന​വി​ര​സ​ത​ക​ളി​ല്ല.....നെ​റ്റ്, സ്പീ​ഡ്, ഡൗ​ണ്‍​ലോ​ഡ്, യൂ ​ട്യൂ​ബ്, വി​ക്ടേ​ഴ്സ്... പു​തി​യ വാ​ക്കു​ക​ളി​ലേ​ക്കു ശീ​ല​ങ്ങ​ളെ ചേ​ർ​ത്തു​വയ്ക്കു​ന്ന പു​തി​യ ബാ​ല്യ​കൗ​മാ​ര​ങ്ങ​ൾ...ഗു​രു​കു​ല​വി​ദ്യാ​ഭ്യാ​സ​ത്തി​ൽനി​ന്ന് തു​ട​ങ്ങി ഗൃ​ഹ​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന പ​ഠ​ന​രീ​തി​യി​ലേ​ക്കാ​ണ് ഇ​നി പോ​കു​ന്ന​ത്.
ടി​വി കാ​ണ​രു​തെ​ന്ന് ഇ​ന്ന​ലെവ​രെ പ​റ​ഞ്ഞ അ​മ്മ, പി​ടി​ച്ച് ടി​വി​ക്ക് മു​ന്നി​ലി​രു​ത്തി​യ​പ്പോ​ൾ, കൈയെത്താ ദൂ​ര​ത്തെ​ടു​ത്തുവയ്​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ അ​ച്ഛ​ൻ കൈയിൽ ത​ന്ന​പ്പോ​ൾ, ക​ന്പ്യൂ​ട്ട​റി​നു മു​ന്നി​ലേ​ക്കു ചേ​ട്ട​ൻ പി​ടി​ച്ചി​രു​ത്തി​യ​പ്പോ​ൾ ഉ​ണ്ണി അ​ത്ഭു​ത​പ്പെ​ട്ടു... എ​ന്തു​പ​റ്റി ഇ​വ​ർ​ക്ക്...
അ​ത‌്ഭു​ത​ങ്ങ​ളെ വ​ക​ഞ്ഞു​മാ​റ്റി ഉ​ണ്ണി​ക​ൾ​ക്കു മു​ന്നി​ലേ​ക്ക് സ്ക്രീ​നു​ക​ളി​ൽ ടീ​ച്ച​ർ​മാ​രെ​ത്തി....
ഒ​രു പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ക​യാ​ണ്...