എടക്കഴിയൂര്‍ മത്സ്യഗ്രാമം പദ്ധതിക്ക് ഏഴുകോടി
1464319
Sunday, October 27, 2024 6:44 AM IST
ചാവക്കാട്: മത്സ്യഗ്രാമം പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എൻ.കെ. അക്ബർ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
പുന്നയൂർ എടക്കഴിയൂര്‍ മത്സ്യ ഗ്രാമത്തെ മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതികള്‍ക്ക് ഏഴുകോടി രൂപയുടെ അനുമതി ലഭിച്ചിരുന്നത്.
തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നതിന്റെ തുടര്‍ച്ചയായാണു ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ ഫിഷറീസ് അഡി.ഡയറക്ടര്‍ സ്മിത. ആര്. നായരുടെ സാന്നിധ്യത്തിൽ ചാവക്കാട് യോഗം ചേര്‍ന്നത്.
ഫിഷ്ലാന്‍ഡിംഗ് സെന്ററിന്റെ നവീകരണവും വിപുലീകരണവും, ഒ.ബി.എം വര്‍ക്ക് ഷോപ്പ്, മത്സ്യതൊഴിലാളികള്‍ക്കുള്ള റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ നിര്‍മാണത്തിന് ഉടന്‍ ടെൻഡര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അണ്‍സര്‍വേ ഭൂമി മത്സ്യഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനത്തിനായി അനുവദിക്കുന്നതിനുള്ള നടപടികള്‍ ഉടനെ സ്വീകരിക്കും.
ഫിഷറീസ് കോളിനിയിലെ ഒറ്റ വീടുകള്‍ ഇരട്ടവീടുകളാക്കുന്നതിനും പുനരുദ്ധാരണത്തിനുമുള്ള എസ്റ്റിമേറ്റില്‍ ആവശ്യമായ ഭേദഗതി ചെയ്യും.
നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്, ജോയിന്റ് ഡയറക്ടര്‍ ആശ അഗസ്റ്റിന്, ഡെപ്യൂട്ടി ഡയറക്ടര്‍ നാസര്‍, തഹസില്‍ദാര്‍ സി. പി. ശ്രീകല, കെ.ബി. രമേശന്, രേഷ്മ. ആര്. നായര്‍ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.