ദേവാലയങ്ങളിൽ തിരുനാൾ
1463976
Saturday, October 26, 2024 2:53 AM IST
കാക്കശേരി പള്ളി
പാവറട്ടി: കാക്കശേരി സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിനു തുടക്കമായി. പാലയൂർ ഫൊറോന വികാരി ഫാ. ഡേവീസ് കണ്ണമ്പുഴയുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്കുശേഷം ദീപാലങ്കാരം സ്വിച്ച്ഓൺ കർമം നടന്നു.
ഇന്നു കാലത്ത് 6.30നു ദിവ്യബലിയെതുടർന്ന് കുടുംബയൂണിറ്റുകളിൽ കിരീടം, അമ്പ് എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകീട്ട് ആറിന് അതിരൂപത അസി. ഫിനാൻസ് ഓഫീസർ ഫാ. സാജൻ വടക്കൻ പ്രസുദേന്തിവാഴ്ച, കൂടുതുറക്കൽ ശുശ്രൂഷ, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ തുടങ്ങിയ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കും. തുടർന്നു കിരീടസമർപ്പണം രാത്രി പത്തുവരെ തുടരും.
തിരുനാൾദിവസമായ നാളെ കിരീടസമർപ്പണം, ആഘോഷമായ ദിവ്യബലി, തിരുനാൾപ്രദക്ഷിണം, നേർച്ച ഊട്ട് എന്നിവ നടക്കും. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. അജിത്ത് കൊള്ളന്നൂർ, ഭാരവാഹികളായ സി.ജെ ഫ്രാജോ, മാത്യൂസ് പാവറട്ടി, റെജിൻ ജോയ്, കെ.എഫ്. ലാൻസൻ, ജസ്റ്റിൻ ചീരൻ, സി.സി. ജോസ് തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.
പാലയ്ക്കൽ പള്ളി
പാലയ്ക്കൽ: വിശുദ്ധ മത്തായി ശ്ലീഹാ ദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസ് ശ്ലീഹായുടെ പ്രതിഷ്ഠാദിനത്തിന്റെ സുവർണജൂബിലിയും 25-ാമത് ഊട്ടുതിരുനാളും നാളെ ആഘോഷിക്കും.
ഇന്നു വൈകീട്ട് 5.30നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കും.
നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. തുടർന്ന് ഊട്ടുവെഞ്ചരിപ്പ്. രാവിലെ പത്തിന് ആഘോഷമായ തിരുനാൾപാട്ടുകുർബാന. ഉച്ചതിരിഞ്ഞു മൂന്നിനും അഞ്ചിനും ലദീഞ്ഞും നൊവേനയും ഉണ്ടായിരിക്കും. രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള തിരുനാൾപ്രദക്ഷിണം.
പുത്തൻപീടിക പള്ളി
പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ മംഗളമാതാവിന്റെ ഊട്ടുതിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 6.30 ന്റെ ദിവ്യബലിക്കുശേഷംമാതാവിനെ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 10 ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. നിർമൽ അക്കരപട്ട്യേക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫ്രീജോ പാറയ്ക്കൽ തിരുനാൾസന്ദേശം നൽകും.
വികാരി റവ ഫാ. ജോസഫ് മുരിങ്ങാത്തേരി, അസി.വികാരി ഫാ. ജോബിഷ് പാണ്ടിയാമാക്കൽ, കൈക്കാരൻമാരായ ആൽഡ്രിൻ ജോസ്, എ.സി. ജോസഫ്, ജോജി മാളിയേക്കൽ, സണ്ണി കുരുതുകുളങ്ങര, ജനറൽ കൺവീനർ ജിയോ കെ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.