കനകമല തീര്‍ഥാടന കേന്ദ്രം
കൊടകര: കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ അമ്പുതിരുനാളിന് കൊടിയേറി. ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് വെഞ്ചരിച്ച പതാക ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടനു കൈമാറി. തുടര്‍ന്ന് കൊടകര ഫൊറോന വികാരി ഫാ. ജെയ്സന് കരിപ്പായി കൊടിയേറ്റി. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അലക്സ് കല്ലേലിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ അന്തോണീസിന്റെ കൂടുതുറക്കല് ചടങ്ങും തുടര്‍ന്ന് ലദീഞ്ഞ്, നൊവേന എന്നിവയും ഉണ്ടായിരുന്നു. ഫാ. ഫ്രാന്‍സിസ് പാറയ്ക്ക സഹകാര്‍മികനായി.
വൈകീട്ട് 6.30 ന് 15 കുടുംബ യൂണിറ്റുകളിലേക്ക് വിശുദ്ധ അന്തോണീസിന്റെ പൊന്‍നാവ് പ്രദക്ഷിണവും ഉണ്ടായിരുന്നു. കൈക്കാരന്മാരായ ആന്റണി കരിയാട്ടി , ജോസ് വെട്ടുമണിക്കല്‍, ഷിജു പഴേടത്ത്പറമ്പില്‍, ലിജോ ചാതേലി, പിആര്‍ഒ ബിജു ചുള്ളി എന്നിവര്‍ നേതൃത്വം നല്കി. ഇന്നും നാളെയുമാണു തിരുനാള്‍. തിങ്കളാഴ്ച അങ്ങാടി അമ്പ് പ്രദക്ഷിണം വൈകീട്ട് പത്തിനു സമാപിക്കും.
പുത്തൻചിറ കിഴക്കുമുറി പള്ളി
മാള: പുത്തൻചിറ കിഴക്കുമുറി സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ കൊടിയേറ്റം വികാരി ഫാ. ജോൺ കവലക്കാട്ട് നിർവഹിച്ചു. തുടർന്ന് ദിവ്യകാരുണ്യ ജപമാല, പ്രസുദേന്തിവാഴ്ച, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നടന്നു.
ഇന്നു വൈകീട്ട് 5.30ന് ദിവ്യകാരുണ്യ ജപമാല, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, സന്ദേശം, നൊവേന. തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തിരുനാൾ ദിനമായ നാളെ രാവിലെ 6 .30 ന് വിശുദ്ധ കുർബാന. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്. 10. 30 ന് തിരുനാൾ പാട്ടുകുർബാന. ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുർബാന. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശിർവാദം, വാനിൽ വർണമഴ.
15ന് രാവിലെ 5.45ന് ദിവ്യകാരുണ്യ ജപമാല. തുടർന്ന് വിശുദ്ധ കുർബാന, മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ, സെമിത്തേരിയിൽ ഒപ്പീസ് എന്നിവ നടക്കും. എട്ടാമിട തിരുനാൾ ദിനമായ 21ന് രാവിലെ 6. 30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. വൈകീട്ട് അഞ്ചിന് വിശുദ്ധ കുർബാന. തുടർന്ന് ഇടവക ദിനാഘോഷം.
മേലൂർ അത്ഭുതപുരം
സെന്റ് മേരീസ്
മേലൂർ: അത്ഭുതപുരം സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ യും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിന് വികാരി ഫാ. ടോമി കണ്ടത്തിൽ കൊടി ഉയർത്തി. തുടർന്ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരുന്നു. ഇന്നു വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, തുടർന്ന് കപ്പേളയിൽ നൊവേന, ലദീഞ്ഞ്. നാളെ വൈകീട്ട് അഞ്ചിന് ആഘോഷമായ പാട്ടുകുർബാന, പ്രസംഗം എന്നിവയ്ക്ക് ഫാ. ജോയ്സൻ പുതുശേരി കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ചവിതരണം, വർണമഴ.