നെടുങ്കണ്ടം: ഇടുക്കി ജില്ലയിൽ നിർമാണ നിരോധനം ഏർപ്പെടുത്താൻ തിടുക്കം കാട്ടുന്ന ഇടതു സർക്കാർ ഇടുക്കിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പു പ്രചാരണാർഥം ജില്ലയിലെത്തിയ അദ്ദേഹം ഇടുക്കി ജില്ലാ പഞ്ചായത്ത് പാന്പാടുംപാറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ജോയി തോമസിന്റെ പ്രചാരണ പരിപാടി തൂക്കുപാലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
കർഷക വിരുദ്ധ നയത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് കാർഷിക മേഖല തീറെഴുതി കൊടുത്തിരിക്കുകയാണ്. ഇടതുസർക്കാർ കാർഷിക പ്രശ്നങ്ങൾ കേൾക്കാൻ പോലും തയ്യാറാകുന്നില്ല. യുഡിഎഫ് കൊണ്ടുവന്ന പട്ടയത്തിൽ ഉപാധിരഹിതം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവർ ഇപ്പോൾ അതേ പട്ടയം തന്നെയാണ് നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയം നൽകിയത് തന്റെ ഗവണ്മെന്റാണ്.
ഇടുക്കിയിലെ നിർമാണ നിരോധനം തിരുത്താൻ സുപ്രീംകോടതി പോലും പറഞ്ഞിട്ടും തിരുത്താത്ത സർക്കാരിന് ഇടുക്കിയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കോണ്ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് ഷാജി പുള്ളോളി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, ജോയി തോമസ്, നേതാക്കളായ ഇ.എം. ആഗസ്തി, എസ്. അശോകൻ, എം.എൻ. ഗോപി, തോമസ് രാജൻ, പി.എസ്. യൂനസ്, കെ. മുഹമ്മദ് മൗലവി, സേനാപതി വേണു, ജി. മുരളീധരൻ, സി.എസ്. യശോധരൻ, മുകേഷ് മോഹനൻ, എ.കെ. തങ്കപ്പൻ, ഷൈജൻ ജോർജ്, ജോയി ഉലഹന്നാൻ, ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.