ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു.
അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജിയുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവർത്തിക്കുക.
ജില്ലയിൽ ഇന്നുമുതൽ സ്ക്വാഡുകൾ പ്രവർത്തിക്കും. ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ കെ.ജെ. ജെയ്മോൻ, താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് ജോർജ്കുട്ടി, ക്ലർക്ക് അലീൻ ടെൻസിംഗ് എന്നിവരും ജില്ലാതല സ്ക്വാഡിൽ ഉൾപ്പെടുന്നു. ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള സ്ക്വാഡിന് പുറമേ താലൂക്ക് പരിധിയിൽ വരുന്ന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും താലൂക്ക് തല സ്ക്വാഡുകളും രൂപീകരിച്ചു.
എസ്. ഷാജി, ഡി.സുനിൽകുമാർ, കിഷോർ ജ്യോതി (ദേവികുളം), പി.വി. പ്രസാദ്, ജോയ്സ് ജോസഫ്, എം. സജീവ് (ഉടുന്പൻചോല), ടി.ടി. മണിക്കുട്ടൻ, ജി. മണിലാൽ, ജോബി തോമസ് (ഇടുക്കി), എം. രമേശ്. കെ.ടി. ബിജു, എം.ജി. ബിലേഷ് (പീരുമേട്), റെനി ജോസ്, പി.എച്ച്. നിസാർ അജിത് ശങ്കർ (തൊടുപുഴ) എന്നിവർ നേതൃത്വം നൽകും.
സ്ക്വാഡുകളുടെപ്രവർത്തനം:
നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗണ്സ്മെന്റ്, മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണപരിപാടികൾ എന്നിവയുടെ നിയമസാധുത പരിശോധിക്കുക.
പ്ലാസ്റ്റിക്, ഫ്ളക്സ് തുടങ്ങിയവയുടെ ഉപയോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവയിലെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുക.
നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ ഉടൻ തന്നെ നിർത്തി വയ്പിക്കേണ്ടതും ഇത്തരത്തിലുള്ള പോസ്റ്ററുകളോ ബോർഡുകളോ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ നിർദേശിക്കേണ്ടതുമാണ്.
നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതിന് നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കണം.