രാജാക്കാട്: ഇടുക്കിയിലെ എട്ടു വില്ലേജുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭൂവിനിയോഗ വ്യവസ്ഥകളും നിർമാണ നിരോധനവും പിൻവലിച്ച് ഭൂനിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ വരുത്തണമെന്നും ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നിലപാടിൽ ആശങ്കയുണ്ടെന്നും രാജാക്കാട് വികസന കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
ഏഴു പതിറ്റാണ്ടായി കുടിയേറി കൃഷിയും അനുബന്ധ തൊഴിലുകളും ചെയ്തുവരുന്ന സാധാരണക്കാരെ ദ്രോഹിക്കാനും കൈയേറ്റ മാഫിയയെ സഹായിക്കാനും ചിലർ നടത്തുന്ന പ്രവർത്തനങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഇടുക്കിയിൽ മലയും കുന്നും ഇടിച്ചുനിരത്തി വൻകിട റിസോർട്ടുകൾ നിർമിക്കുന്നത് ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണ്. ഇതിന്റെ പേരിൽ ഇടുക്കിക്കാർ കൈയേറ്റക്കാരാണെന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, ജനറൽ കണ്‍വീനർ ഫാ. ജോബി വാഴയിൽ, കോ-ഓർഡിനേറ്റർ വി.കെ. മാത്യു, എം.സി. സുനിൽകുമാർ, ഇമാം നിസാർ ബാഖവി, ഫാ. ഷെൽട്ടൻ അപ്പോഴിപ്പറന്പിൽ, അബ്ദുൾ കലാം, വി.എൻ. തുളസിധരൻ, രാജേഷ്, വി.എസ്. ബിജു, എം.ആർ. സതീശൻ, ജോഷി കന്യാക്കുഴി, വി.വി. ബാബു, സജി കോട്ടയ്ക്കൽ, ടി.ടി. ബൈജു, ടൈറ്റസ് ജേക്കബ്, ബെന്നി ജോസഫ്, എ. ഹംസ, കെ.എസ.് ശിവൻ, കെ.ജി. മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.