മുതലക്കോടം: കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ മുതലക്കോടത്ത് പ്രവർത്തിക്കുന്ന സെന്റ് ജോർജ് ഹൈസ്കൂൾ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്.
സന്പൂർണ ഹൈടെക് ഹൈസ്കൂൾ മന്ദിരമെന്ന സുവർണ ലക്ഷ്യംകൂടി കൈവരിക്കുകയാണ് ഈ കലാലയം. പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി 20000ൽപ്പരം ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി പൂർണമായും ഡിജിറ്റലൈസ് ചെയ്ത വിവിധ ലാബുകളും ലൈബ്രറിയും ഓഫീസ് ബ്ലോക്കും സമ്മേളനഹാളും, ഹൈസ്കൂൾ കുട്ടികൾക്കായി ഹൈ-ടെക് ക്ലാസ് മുറികളും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള പ്രത്യേക ക്ലാസ് മുറിയുമുൾപ്പെടെ ആധുനിക സജീകരണങ്ങളോടെയാണ് പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷകളിലെ തുടർച്ചയായ ഉജ്വല വിജയങ്ങൾ, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്, ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ കായിക താരങ്ങൾ, കലാ-ശാസ്ത്ര രംഗങ്ങളിലെ പ്രതിഭകൾ, രാജ്യപുരസ്കാർ, രാഷ്ട്രപതി പുരസ്കാരങ്ങളുമായി സ്കൗട്ട്, ജൂണിയർ റെഡ്ക്രോസ്, ലിറ്റിൽകൈറ്റ്സ്, ചിത്രരചനാ പരിശീലനത്തിനായി വർണചിത്ര ആർട്സ് ക്ലബ്, സന്പാദ്യശീലവും കൃഷി അഭിരുചിയും വർധിപ്പിക്കാൻ പച്ചക്കുടുക്ക, കോഴിവളർത്തൽ തുടങ്ങിയ പദ്ധതികൾ, സൗജന്യ കൗണ്‍സലിംഗ് എന്നിങ്ങനെ കുട്ടികളുടെ മാനസിക-ശാരീരിക-ബൗദ്ധിക-ആത്മീയ-വളർച്ച ലക്ഷ്യംവച്ച് മൂന്നുവർഷ മാസ്റ്റർ പ്ലാൻ തയാറാക്കിയാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
23ന് രാവിലെ 10ന് കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിജി സ്കൂൾ ഉദ്ഘാടനവും ഹൈടെക് പ്രഖ്യാപനവും ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍.ചെറിയാൻ കാഞ്ഞിരക്കൊന്പിൽ മുഖ്യപ്രഭാഷണവും രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.സ്റ്റാൻലി കുന്നേൽ അനുഗ്രഹ പ്രഭാഷണവും നടത്തും. ഇടുക്കി ഡിഡിഇ ടി.കെ. മിനി കുട്ടികളുടെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്യും. മുനിസിപ്പൽ കൗണ്‍സിലർമാരായ ജെസി ജോണി, ഷേർളി ജയപ്രകാശ്, അഡ്വ. സി.കെ.ജാഫർ, റിനി ജോഷി, മേഴ്സി കുര്യൻ, തൊടുപുഴ ഡിഇഒ കെ. ഡെയ്സി ജോസഫ് , പ്രിൻസിപ്പൽ ജിജി ജോർജ്, പിടിഎ. പ്രസിഡന്റ് ഷാജു പോൾ എന്നിവർ പ്രസംഗിക്കും. സ്കൂൾ മാനേജർ ഫാ.ജോസഫ് അടപ്പൂര് ആമുഖപ്രസംഗം നടത്തും. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിബിൻ മാത്യു നന്ദിയും പറയും. ഉച്ചതിരിഞ്ഞ് സ്കൂൾ വർണചിത്ര ആർട്സ് ക്ലബ് ഒരുക്കുന്ന ചിത്രപ്രദർശനവും എട്ടാം ക്ലാസ് വിദ്യാർഥിയും ബാലമജീഷ്യനുമായ ജോണ്‍ ബേബി അവതരിപ്പിക്കുന്ന മായാജാല പ്രദർശനവും കുട്ടികൾക്കായി വ്യക്തിത്വ വികസന സെമിനാറും നടത്തും.
കുട്ടികൾ കുറയുന്നതുമൂലം പൊതു വിദ്യാഭ്യാസ രംഗത്തെ പല സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത് പതിവു കാഴ്ചയാകുന്പോഴും മികവിന്റെ നേർസാക്ഷ്യമായി മാറാൻ ഒരുങ്ങുകയാണ് മുതലക്കോടം സെന്റ്ജോർജ് ഹൈസ്കൂൾ.