രാജാക്കാട്-എല്ലക്കൽ റൂട്ടിൽ റോഡ് അപകടാവസ്ഥയിൽ
1460119
Thursday, October 10, 2024 12:37 AM IST
രാജാക്കാട്: രാജാക്കാട് - എല്ലക്കൽ റൂട്ടിൽ രാജാക്കാട് ടൗണിന് സമീപം ഇഞ്ചനാട്ട് പുരയിടത്തിന്റെ മുൻഭാഗത്ത് റോഡിന്റെ ഒരു വശം അപകടാവസ്ഥയിൽ. ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന നിലയാണ്. അടുത്ത നാളിൽ വീതി കൂട്ടി നിർമാണം പൂർത്തീകരിച്ച ചെമ്മണ്ണാർ ഗ്യാപ് കെഎസ്ടിപി റോഡിന്റെ ഭാഗമാണിത്. ഒരു വർഷത്തിനു മുൻപുതന്നെ 95 ശതമാനം നിർമാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താൻ സാധിച്ചിട്ടില്ല.
ഇവിടെ റോഡിന്റെ ഒരു ഭാഗം കട്ടിംഗും മറുഭാഗം ഗർത്തവുമാണ്. 50 മീറ്ററോളം നീളത്തിൽ 10 അടിയോളം താഴ്ചയിലുള്ളതാണ് ഈ ഭാഗത്തെ ഗർത്തം. 50 അടി താഴ്ചയുള്ള ഈ ഭാഗത്ത് താഴെ ഭാഗത്തുനിന്നു സംരക്ഷണ ഭിത്തി കെട്ടാതെയാണ് റോഡ് നിർമിച്ചിട്ടുള്ളത്. അടുത്തനാളിൽ ഈ ഭാഗം ഇടിഞ്ഞുതാഴ്ന്നപ്പോൾ കരാറുകാർ മേൽഭാഗം കോണ്ക്രീറ്റ് നടത്തിയ ശേഷം അപകടമുന്നറിയിപ്പു ബോർഡ് സ്ഥാപിച്ച് സിംഗിൾ ലൈൻ ട്രാഫിക്കും ഏർപ്പെടുത്തി.
രാജാക്കാടുനിന്ന് എറണാകുളം, കോട്ടയം, മുവാറ്റുപുഴ, മൂന്നാർ ഭാഗത്തേക്കും തിരിച്ചും കെഎസ്ആർടിസി ഉൾപ്പെടെ നിരവധി ബസ് സർവീസുകൾ ഇതുവഴിയുള്ളതാണ്. സ്കൂൾ, കോളജ് ബസുകളും വിദേശികളും സ്വദേശികളുമടങ്ങുന്ന ടൂറിസ്റ്റ് വാഹനങ്ങളും നിരവധി ചെറുവാഹനങ്ങളും സർവീസ് നടത്തുന്ന റോഡാണിത്. ശക്തമായ മഴ പെയ്താൽ റോഡിന്റെ ഈ ഭാഗം ഇടിഞ്ഞുതാഴാൻ സാധ്യത ഏറെയാണ്. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ച് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരും ഡ്രൈവർമാരുമുൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.