വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അന്യായ ഇടപെടലുകള്‍ അവസാനിപ്പിക്കണം: ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ്
1246914
Thursday, December 8, 2022 11:04 PM IST
ചെറുതോണി: ജില്ലയിലെ ശാന്തൻപാറ, പൂപ്പാറ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളിലെ തണല്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചിട്ടുള്ള മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്ന പുതിയ നിബന്ധന പിൻവലിക്കണമെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ആവശ്യപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നൽകി റേഞ്ച് ഓഫീസര്‍ പരിശോധന നടത്തി ഡിഎഫ്ഒ യുടെ അനുമതികൂടി വാങ്ങി വേണം ചില്ലകള്‍ മുറിക്കാന്‍ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വൃക്ഷത്തലപ്പുകള്‍ മുറിച്ചുമാറ്റി തണല്‍ ക്രമീകരിക്കുന്നത് ഏലം കൃഷിയുടെ ഭാഗംതന്നെയാണ്. മനഃപൂര്‍വം കൃഷിക്കാരെ ഉപദ്രവിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയുന്നതല്ല.
കുരങ്ങും, കാട്ടാനയും കാട്ടുപന്നിയും ഉള്‍പ്പെടെ കൃഷി നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ മേഖലയില്‍ ബഫര്‍ സോണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കൂടാതെ നിരവധി നിരോധനങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഉത്തരവുകളിലൂടെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. അപ്രഖ്യാപിത കുടിയിറക്ക് നീക്കമാണ് ഇടുക്കി ജില്ലയില്‍ നടന്നുവരുന്നത്.
എത്രയും പെട്ടെന്ന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ് ചെയര്മാന് സണ്ണി പൈമ്പിള്ളില്‍ മുന്നറിയിപ്പ് നല്കി.