റോഡ് നിർമാണത്തിനായി എത്തിച്ച കല്ല് മോഷണം പോയി
Saturday, August 6, 2022 11:27 PM IST
മൂലമറ്റം: എടാട് റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടാൻ പൊതുമരാമത്ത് വകുപ്പ് എത്തിച്ച 25 ലോഡ് കരിങ്കല്ല് കഴിഞ്ഞ ദിവസം മോഷണം പോയി. രാത്രിയിലാണ് പ്രദേശത്ത് നിന്നും കല്ല് കാണാതായത്. സംഭവത്തിൽ റോഡ് നിർമാണ കരാറുകാരൻ കാഞ്ഞാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയെകുറിച്ചും കല്ല് കടത്തിയവരെ കുറിച്ചും പോലീസിനു വിവരം ലഭിച്ചു.

കല്ല് പുള്ളിക്കാനത്തേക്കാണ് കടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിനായി ഉപയോഗിച്ച ടിപ്പർ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തിൽ കരാറുകാരനോടും വാഹന ഉടമയോടും ഇന്ന് കാഞ്ഞാർ സ്റ്റേഷനിൽ എത്താൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തി ഇറക്കിയതിനോടൊപ്പം കരാറുകാരനും കല്ല് ഇറക്കിയതാണ് പ്രശ്നമായതെന്ന് പറയപ്പെടുന്നു.