തൊടുപുഴ: ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പകർച്ചപ്പനി പടരുന്നു. ജൂണിൽ 7,932 പനി ബാധിതരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും കണക്ക് ഇതിനു പുറമെയാണ്. കോവിഡ് , ഡെങ്കിപ്പനി, എലിപ്പനി, മലന്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്-1 എൻ1- ചിക്കൻപോക്സ്, സിക്ക, കുരങ്ങുപനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ രോഗങ്ങളുടെ ലക്ഷണമായി പനിയുണ്ടാകാം.
ഡെങ്കിപ്പനിയും എലിപ്പനിയും ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പനി വന്നാൽ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് കൂടുതലും പിടിപെടുന്നത്. അതിനാൽ വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറൽപ്പനി സുഖമാവാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടിവരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരമേ കഴിക്കാവു. മാസ്ക് ധരിക്കുന്നത് കോവിഡിനൊപ്പം മറ്റു പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. മഴ നനയാതിരിക്കാനും ശ്രദ്ധിക്കണം.
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മാസ്ക് താഴ്ത്തരുത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കണം. പനി സാധാരണയിൽ കൂടുതലായാൽ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാൽ പനിയുള്ളപ്പോൾ ഡോക്ടറുടെ നിർദേശാനുസരണം കുട്ടികൾക്കു പനി കുറയാനുള്ള മരുന്നുകൾ ഉടൻ നൽകണം. ചൂട് കുറയ്ക്കുന്നതിനായി തണുത്ത വെള്ളത്തിൽ തുണി നനച്ചു കുട്ടികളുടെ ശരീരം മുഴുവൻ തുടയ്ക്കുകയും വേണം.
തക്കാളിപ്പനി
സ്കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനിയുടെ വ്യാപനമുണ്ടായത്. കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ രോഗം വളരെ വേഗം പകരുന്നതും കുട്ടികൾക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വിടാതിരിക്കുകയാണ് ഉചിതം.
രോഗ ലക്ഷണങ്ങൾ
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും വായ്ക്കകത്തും, പൃഷ്ഠഭാഗത്തും കൈകാൽ മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന രോഗ ലക്ഷണങ്ങൾ.വയറുവേദന , ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായതും തുടർച്ചയായുമുള്ള പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത , കൈകാലുകളിൽ രക്ത ചംക്രമണത്തിന് തടസം എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
ചികിത്സ
സാധാരണ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്നുകഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. രോഗത്തിന്റെ അസ്വസ്ഥത കുറയ്ക്കാനും രോഗലക്ഷണം നിയന്ത്രിക്കാനും ഇതു സഹായിക്കും.
പ്രതിരോധം
മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുന്പും കൈകൾ നന്നായി സോപ്പുപയോഗിച്ച കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ അണുക്കൾ പടരാതിരിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈകഴുകകയും വേണം .രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കണം.