തൊടുപുഴ: ഫലവൃക്ഷങ്ങളുടെ വ്യാപനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ഒരു കോടി ഫല വൃക്ഷ തൈകൾ പദ്ധതി കാര്യമായി വേരുപിടിക്കാതെ പോയി. നിർവഹണത്തിലെ പിഴവുകൾ മൂലമാണ് ജനങ്ങൾക്കു പ്രയോജനം ലഭിക്കാതെപോയത്.
ആദ്യഘട്ടത്തിൽതന്നെ കൃഷിഭവനുകളിൽ ഇറക്കിയിരിക്കുന്ന ആയിരക്കണക്കിനു തൈകൾ കൃത്യമായി വിതരണം ചെയ്യപ്പെടാതെ കെട്ടിക്കിടന്ന് നശിച്ചിരുന്നു. കൃഷിഭൂമിക്ക് അനുയോജ്യമായ ഫലവൃക്ഷത്തൈകൾ കൃഷിവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നട്ടുപിടിപ്പിക്കാനായിരുന്നു പദ്ധതി.
വീട്ടുവളപ്പുകൾക്കു പുറമെ പാതയോരങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ കെട്ടിട വളപ്പുകൾ, സ്കൂൾ കോന്പൗണ്ടുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നട്ടുപിടിപ്പിക്കാനും ലക്ഷ്യംവച്ചു. എന്നാൽ, ഇവിടങ്ങളിലൊന്നും നട്ടുപിടിപ്പിച്ചില്ലെന്നു മാത്രമല്ല ഫലങ്ങൾ ഉത്പാദിപ്പിച്ചു കർഷകർക്കു വരുമാനം കണ്ടെത്താമെന്ന ലക്ഷ്യവും പാഴായി.
12 ഇനം തൈകൾ
പ്ലാവ്, മാവ്, മാതളം, പനീർചാന്പ, റംബൂട്ടാൻ, അവക്കാഡോ, ഓറഞ്ച്, കടച്ചക്ക, മാംഗോസ്റ്റിൻ, ചാന്പ, പപ്പായ, നേന്ത്രൻവാഴ, ഞാലിപ്പൂവൻ വാഴ, നാരകം, മുരിങ്ങ, പാഷൻ ഫ്രൂട്ട്, പേര, ആത്ത, വാളൻപുളി, കുടംപുളി, കറിവേപ്പില തുടങ്ങി 21 ഇനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വേണമെങ്കിൽ കർഷകർ വില നൽകണം.
2020 - 2021 വർഷമായിരുന്നു പദ്ധതിയുടെ കാലയളവ്. പദ്ധതി പ്രകാരം ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷത്തൈകൾ നടാനായിരുന്നു ലക്ഷ്യമിട്ടത്.
വരുമാനം സ്വപ്നം
ഹൈബ്രീഡ് ഇനത്തിലുള്ള തൈകൾ നൽകുകവഴി കർഷകർക്കു വരുമാനം ഉറപ്പുനൽകുന്നതായിരുന്നു പദ്ധതി. എന്നാൽ, നൽകിയതാകട്ടെ ഗുണനിലവാരമില്ലാത്തതും കൃഷിക്കാർക്ക് വരുമാനം ഉറപ്പു നൽകാത്തതും മിക്ക കൃഷിയിടത്തിലും സാധാരണ കാണുന്ന തൈകളുമായിരുന്നു. അതിനാൽ പദ്ധതിയുടെ ഉദ്ദേശലക്ഷ്യംതന്നെ പാളി.
ഇതിനു പുറമെ ഓരോ കൃഷിഭവനിലും കർഷകരുടെ ആവശ്യമനുസരിച്ചല്ല തൈകൾ എത്തിച്ചത്. ആയിരക്കണക്കിന് തൈകൾ ഫാമുകളിൽനിന്നു നേരിട്ട് കൃഷിഭവനുകളിൽ എത്തിക്കുകയായിരുന്നു. ഇത് ഇറക്കുന്നതിനുള്ള കൂലി പഞ്ചായത്തുകൾ കൃഷിഭവനു നൽകും. ഇത്തരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകാത്തയിടങ്ങളിൽ തൈകൾ തിരിച്ചയയ്ക്കരുതെന്ന നിബന്ധന ഉള്ളതിനാൽ ഉദ്യോഗസ്ഥർതന്നെ സ്വന്തം പണം മുടക്കിയാണ് തൈകൾ ഇറക്കിയത്.
സമയവും പാളി
കോവിഡ് കാലത്ത് പദ്ധതി നടപ്പിലാക്കിയതിനാൽ കർഷകർ തൈകൾ ഏറ്റുവാങ്ങാൻ കൃഷിഭവനുകളിലേക്ക് എത്തിയതുമില്ല. ചുരുക്കംചില കർഷകർ കുരുമുളക് കൃഷി ചെയ്യാനുള്ള താങ്ങുകാലെന്ന നിലയിൽ പ്ലാവിൻ തൈകളും മറ്റും വാങ്ങിയിരുന്നു.
പദ്ധതി പ്രാവർത്തികമാക്കിയതായി ഉറപ്പുവരുത്താൻ ഓരോ കൃഷി ഭവനുകളിലും ഇറക്കിയ തൈകൾ കൈപ്പറ്റിയ കർഷകരുടെ പേര് വിവരങ്ങൾ അവരുടെ ഒപ്പ് ശേഖരിച്ച് കൃഷി വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയയ്ക്കണമെന്നായിരുന്നു നിബന്ധന.
എന്നാൽ, വളരെക്കുറച്ച് കർഷകരുടെ പേരു വിവരങ്ങൾ മാത്രമാണ് ഡയറക്ടറേറ്റിലെത്തിയത്. വേണ്ടത്ര ആസൂത്രണമില്ലാതെ പദ്ധതി നടപ്പിലാക്കിയതിനാൽ സർക്കാരിന്റെ കോടികൾ വെള്ളത്തിലായെന്നു ചുരുക്കം.