കട്ടപ്പന: പാലാ മാർ സ്ലീവാ മെഡിസിറ്റി, കട്ടപ്പന സെന്റ് ജോർജ് ഫൊറോന പിതൃവേദി, എസ്എംവൈഎം എന്നിവയുമായി സഹകരിച്ച് നാളെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാന്പ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ പരിശോധനയും നിർദേശങ്ങളും ക്യാന്പിൽനിന്ന് ലഭിക്കുമെന്ന് സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഓസാനം സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറ, അസി. വികാരി ഫാ. നോബിൾ പൊടിമറ്റത്തിൽ, സണ്ണി തയ്യിൽ, നോബിൾ വേഴാന്പത്തോട്ടം, കെ.സി. ചാക്കോ എന്നിവർ അറിയിച്ചു.
കാർഡിയോളജി, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ഓഫ്താൽമോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പൾമനോളജി, ഗ്യാസ്ട്രോ എന്ററോളജി, ഓങ്കോളജി, നെഫ്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ക്യാംന്പിൽ ലഭിക്കും. തുടർചികിത്സ ആവശ്യമുള്ളവർക്ക് മെഡിസിറ്റിയിൽ പ്രത്യേകം ഇളവുകളും ലഭിക്കുമെന്നും 500 പേർക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമെന്നും സംഘാടകർ അറിയിച്ചു.