ക​ട​മു​റി വാ​ട​കയിൽ പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​യ ന​ഷ്ടം തി​രി​കെ പി​ടി​ക്കാ​ൻ നി​ർ​ദേ​ശം
Thursday, January 20, 2022 11:06 PM IST
നെ​ടു​ങ്ക​ണ്ടം: ക​ട​മു​റി​ക​ളു​ടെ വാ​ട​ക ച​ട്ട​വി​രു​ദ്ധ​മാ​യി കു​റ​വു​ചെ​യ്ത​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​യ ന​ഷ്ടം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും തി​രി​കെ പി​ടി​ക്കാ​ൻ നി​ർ​ദേ​ശം. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. 2005ലെ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നും അ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും തു​ക ഈ​ടാ​ക്കാ​നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശം. 88,134 രൂ​പ​യാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​രം​ഭി​ച്ചു.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ​ക്ക​വ​ല ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ മു​റി​ക​ൾ 2002-2003 സാ​ന്പ​ത്തി​ക വ​ർ​ഷം​മു​ത​ൽ ജി​ല്ലാ മൊ​ത്ത​വ്യാ​പാ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു.

വാ​ട​ക ര​ജി​സ്റ്റ​ർ പ്ര​കാ​രം ഈ ​മു​റി​ക​ളു​ടെ വാ​ട​ക പ്ര​തി​മാ​സം 16,000 രൂ​പ​യാ​ണ്.
എ​ന്നാ​ൽ 2005 ഡി​സം​ബ​ർ എ​ട്ടി​നു ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ച​ട്ട​വി​രു​ദ്ധ​മാ​യി വാ​ട​ക 9,200 രൂ​പ​യാ​യി കു​റ​വു​ചെ​യ്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം 2006-2007 സാ​ന്പ​ത്തി​ക​വ​ർ​ഷം പ​ഞ്ചാ​യ​ത്തി​ന് 88,134 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ.

വാ​ട​ക ഇ​ള​വു​ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത് തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച 19 മെ​ന്പ​ർ​മാ​രി​ൽ നി​ന്നും സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും തു​ക തു​ല്യ​മാ​യി ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശം. 2009-2010 സാ​ന്പ​ത്തി​ക വ​ർ​ഷം​വ​രെ ഇ​ത്ത​ര​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.

ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഷ്ട​പ​രി​ഹാ​രം അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന മെ​ന്പ​ർ​മാ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി.

എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് 2005-ൽ ​നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.