തൊടുപുഴ: കുടുംബത്തിനു താങ്ങുംതണലും നാടിന് അഭിമാനവുമാകേണ്ട യുവത്വങ്ങൾ ഈയാംപാറ്റകളെപ്പോലെ കൊഴിഞ്ഞുവീഴുന്പോൾ അതു തലവരയാണെന്നു പറഞ്ഞു മാറിനിൽക്കാനാകുമോ ? കൂട്ടുകാരോടൊപ്പമുള്ള ഉല്ലാസ യാത്രകൾക്കും കാന്പസുകളിലെ അരുംകൊലകൾക്കും പുറമെ അപകടമരണങ്ങളും ജലാശയ മരണങ്ങളും മൂലം തങ്ങളുടെ പ്രിയപ്പെട്ടവർ വിട്ടകലുന്പോൾ ഹൃദയ ഭേദകമായ ആ രംഗങ്ങൾ കണ്ടുനിൽക്കാൻ ആർക്കാണ് കഴിയുക. ഇതുമൂലം വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെയും വർഷങ്ങളായുള്ള ഉറ്റസൗഹൃദം ഇല്ലാതായതിന്റെ ആത്മനൊന്പരം പേറുന്ന സഹപാഠികളുടെയും കണ്ണീരിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വിടർന്ന് ഏറെ കഴിയുംമുന്പേ കൊഴിയുന്ന ഈ സൂനങ്ങൾ പല കുടുംബങ്ങളിലെയും ഏകമകനോ അല്ലെങ്കിൽ ഏകമകളോ ആണെന്നതു ദുഃഖത്തിന്റെ ആഴം വർധിപ്പിക്കുന്നു.
തങ്ങളുടെ എല്ലാമെല്ലാമായ പൊന്നുമക്കൾ വിട്ടകലുന്പോൾ തീരാനൊന്പരവുമായി ശിഷ്ടജീവിതം നയിക്കേണ്ടിവരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ആർക്കുമാവില്ലെന്നതാണ് സത്യം. കഴിഞ്ഞ ഒന്നരമാസത്തിനിടെ ജില്ലയിലുണ്ടായ അപകടമരണങ്ങളിൽ പത്തോളം യുവാക്കളുടെ ജീവനുകൾ നഷ്ടമായതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. വെള്ളിയാഴ്ച തൊടുപുഴ സ്വദേശികളായ മൂന്നു യുവാക്കളാണ് വ്യത്യസ്ത അപകടങ്ങളിൽ മരണമടഞ്ഞത്. ഇതിൽ രണ്ടുപേർ കുടുംബത്തിലെ ഏക ആണ്തരികളായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഉയർന്ന വിദ്യാഭ്യാസം ലക്ഷ്യമിട്ട് കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. എന്നാൽ സ്വപ്നങ്ങളുമായി കാത്തിരിക്കുന്ന മാതാപിതാക്കൾക്കു മുന്നിലേക്ക് പലപ്പോഴും എത്തുന്നതു മക്കളുടെ ചേതനയറ്റ ശരീരമാണ്.
അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാനാകുമായിരുന്ന അപകടങ്ങൾക്ക് പലപ്പോഴും നൽകേണ്ടിവരുന്നത് കനത്ത വിലയാണ്. യുവജനങ്ങൾക്ക് ശരിയായ ദിശാബോധം പകർന്നു നൽകി കുടുംബത്തിന്റെയും നാടിന്റെയും വെളിച്ചമാകാൻ എന്തുചെയ്യാനാകുമെന്ന് വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങളിലേക്കും പ്രതികരണങ്ങളിലേക്കും.
സിസ്റ്റർ ഡോ.ആനി സിറിയക്ക്
(ചീഫ് സൈക്യാട്രിസ്റ്റ്,
ബിഷപ് വയലിൽ ആശുപത്രി മൂലമറ്റം)
മരണസംസ്കാരത്തിന്റെ ചുഴിയിൽ അകപ്പെട്ട യുവജനങ്ങളെ ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന സംസ്കാരത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ലക്ഷ്യബോധത്തിലേക്ക് അവരെ നയിക്കണം. ജീവിതം അടിച്ചുപൊളിച്ച് നശിപ്പിക്കാനുള്ളതല്ല , മനോഹരമായി ജീവിക്കാനുള്ളതാണെന്ന ചിന്ത അവരിൽ വളർത്തിയെടുക്കണം. വികാരങ്ങളെ കയറൂരി വിടുന്ന കുത്തഴിഞ്ഞ ജീവിതമല്ല നമുക്ക് ആവശ്യം. അവയെ പക്വതയോടെ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് പരമപ്രധാനമാണ്. അശ്രദ്ധകൊണ്ടോ അക്രമംകൊണ്ടോ നമ്മുടെ നാട്ടിൽ ഇനിയൊരു ജീവനും പൊലിയരുത്.
റവ.ഡോ.മാനുവൽ പിച്ചളക്കാട്ട്
(വൈസ് പ്രിൻസിപ്പൽ,
|ന്യൂമാൻ കോളജ് തൊടുപുഴ)
യുവജനങ്ങളുടെ സംസ്കാരത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ വലിയ ഗതിമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഉൗർജസ്വലതയും ഉന്മേഷവുമുള്ള ഇവരുടെ ശക്തിയാണ് പലപ്പോഴും വിനയായി മാറുന്നത്. കഴിഞ്ഞ രണ്ടുവർഷമായി യുവജനങ്ങൾക്കിടയിൽ അപകടമരണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കോവിഡ് മൂലം മാനസികപിരിമുറുക്കം അനുഭവിക്കുന്നവരിൽ ഏറിയ പങ്കും യുവജനങ്ങളാണ്. ക്വാറന്റൈൻ, സാമൂഹിക അകലം പാലിക്കൽ, ഓണ്ലൈൻ ക്ലാസുകൾ എന്നിവ മൂലം ഇവരുടെ ബന്ധങ്ങൾക്കും ഇടപെടലുകൾക്കും ഇടം കുറഞ്ഞിട്ടുണ്ട്. ഇന്റർനെറ്റ് ലോകത്തിൽ യുവത ജീവിക്കുന്നത് വെർച്വൽ റിയാലിറ്റിയിലാണ്.അതിവേഗ മോട്ടോർകാർ റാലികൾ, ബൈക്ക്റേസുകൾ എന്നിവയാണ് പലപ്പോഴും മാനസിക ഉല്ലാസം നൽകുന്നത്. ഇന്റർനെറ്റ്, മയക്കുമരുന്ന്, ഭാവിയെ സംബന്ധിച്ച ആശങ്ക എന്നിവ ഇന്നത്തെ യുവജനങ്ങളെ വൈകാരികമായി അടിമകളാക്കുന്നു. ബുദ്ധിപരമായ വിശകലനത്തിനു പകരം അവരെ നയിക്കുന്നത് കേവലം വികാരങ്ങളാണ്. ഇതു നിയമ ലംഘനത്തിനു കാരണമാകുന്നു. വൈകാരികമായ പിരിമുറുക്കം മാനസിക സംഘർഷത്തിലേക്കു നയിക്കുന്നതാണ് പലപ്പോഴും അപകടത്തിലേക്ക് എത്തിക്കുന്നത്. യാഥാർഥ്യബോധത്തിലേക്ക് യുവജനങ്ങളെ നയിക്കാനാകണം. ഇതിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൈയെടുക്കുകയും മാതാപിതാക്കൾക്ക് ബോധവത്കരണം നൽകുകയുമാണ് വേണ്ടത്.
ടി.എ.നസീർ
(എൻഫോഴ്സ്മെന്റ് ആർടിഒ, തൊടുപുഴ)
സമീപനാളിൽ നമ്മുടെ ജില്ലയിലുണ്ടായ അപകടങ്ങളിൽ യുവാക്കളുടെ ജീവൻ നഷ്ടപ്പെടുന്നു എന്നുള്ള വാർത്ത ഏറെ ഖേദകരമാണ്. കൗമാരവും യുവത്വവും ഏറ്റവുമധികം ഉൗർജസ്വലവും സാഹസികതയും നിറഞ്ഞ കാലഘട്ടമാണ്. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് സ്വസ്ഥവും സന്തോഷവുമായ ജീവിതം കെട്ടിപ്പടുക്കേണ്ട കാലയളവുകൂടിയാണിത്. ചെറിയ അശ്രദ്ധയ്ക്കും ഗതാഗത നിയമലംഘനങ്ങൾക്കും നൽകേണ്ടിവരുന്നത് വലിയ വിലയാണ്. പ്രതീക്ഷകളോടെ വളർത്തുന്ന മക്കളുടെ അകാല വേർപാട് കുടുംബത്തിലും സമൂഹത്തിലും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.ചെറിയ അറിയിപ്പുകളാണെങ്കിലും അവ അവഗണിക്കാതിരിക്കുകയും റോഡ് ട്രാഫിക് നിയമങ്ങൾ ലംഘിക്കാതിരിക്കുകയും ചെയ്യുന്നത് അടിസ്ഥാന പൗരധർമമാണ്. ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുക എന്നുള്ളത് ഒരു നാടിന്റെ നന്മയും അച്ചടക്കവും വെളിപ്പെടുത്തുന്നതാണ്. ഈ ശീലം എല്ലാവരും വളർത്തിയെടുക്കേണ്ടതുണ്. ചെറിയ അശ്രദ്ധമൂലം പരിചിതമായ മുഖങ്ങൾ നഷ്ടപ്പെടാൻ ഇടയാകരുത്.
പി.വി.രാജൻ
(ഫയർ ഓഫീസർ,തൊടുപുഴ)
അശ്രദ്ധയോടെയുള്ള വാഹനമോടിക്കലാണ് ഒട്ടുമിക്ക റോഡപകടങ്ങൾക്കും കാരണമാകുന്നത്. മൊബൈൽ, കംപ്യൂട്ടർ എന്നിവയിൽ ബൈക്ക് റേസിംഗ് , കാർ റേസിംഗ് എന്നിവ പരിശീലിക്കുന്ന കുട്ടികൾ പിന്നീട് നിരത്തുകളിൽ ഇറങ്ങുന്പോഴും അതേ ആവേശത്തോടെ റേസിംഗ് നടത്താൻ തയാറാകുന്നു. ഇതു വലിയ ദുരന്തത്തിലേക്കാണ് എത്തുന്നത്. അമിത വേഗതയിൽ പോകുന്ന ഭാരവാഹനങ്ങളുടെ തൊട്ടു പിന്നിലായി സഞ്ചരിക്കുന്പോൾ ഇവ പെട്ടെന്നു ബ്രേക്കിടുന്നതും അപകടത്തിനു മറ്റൊരു കാരണമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി മടങ്ങുന്നവർ യാത്രാ ക്ഷീണത്തോടെ രാത്രിയിൽ വാഹനം ഓടിക്കുന്പോൾ ഉറങ്ങിപ്പോകുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണ്. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കണം. മദ്യപിച്ചോ മയക്കുമരുന്നുകൾ ഉപയോഗിച്ചോ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നവകരുടെ എണ്ണവും കൂടുതലാണ്.ഹൈറേഞ്ചിലെ ജലാശയങ്ങൾക്ക് തണുപ്പും ചെരിവും കൂടുതലായതിനാൽ ഒഴുക്കിന്റെ ശക്തിയും കൂടുതലാണ്. ഡാമുകളിലെ വെള്ളത്തിന് തണുപ്പു കൂടുതലും അടിഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും അപകടത്തിലേക്ക് നയിക്കുന്നു. പാറക്കെട്ടുകളുള്ള ജലാശയങ്ങളിൽ ഇറങ്ങിയ ശേഷം തിരികെ കയറുന്പോൾ പാന്റ്സ്, നിക്കർ എന്നിവയിലെ വെള്ളം ഉൗർന്നിറങ്ങി നടന്നു പോകുന്ന പാറക്കെട്ടുകൾ നനഞ്ഞ് വഴുക്കലുള്ളതായി മാറുകയും തലയടിച്ച് തെന്നിവീണ് വെള്ളത്തിൽ അകപ്പെടുകയോ,ഗുരുതരമായ പരിക്കേൽക്കുകയും മരണം സംഭവിക്കുകയോ ചെയ്യുന്നു.
ഡോ.സുമേഷ് ജോർജ്, തൊടുപുഴ
(അസി.പ്രഫ.സെന്റ് ജോർജ് കോളജ്
അരുവിത്തുറ)
കുടുംബത്തിനും നാടിനും ആശ്രയമാവേണ്ട യുവത്വം ഒഴിവാക്കാനാവുമായിരുന്ന, കാന്പസ് രാഷ്ട്രീയ കൊലപാതകം, പ്രണയംമൂലമുള്ള കൊലപാതകം, ലഹരി മൂലമുള്ള മരണം, അശ്രദ്ധമായ ഡ്രൈവിംഗ്, സോഷ്യൽ മീഡിയ അഡിക്ഷൻ, ജലാശയങ്ങളിൽ നടത്തുന്ന അശ്രദധമായ സാഹസികത എന്നീഅപകടങ്ങളിലൂടെ നഷ്ടപ്പെടുന്ന അവസഥ ഹ്രദയഭേദകമാണ്. പ്രൈമറി ക്ലാസുമുതൽ വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം തുടങ്ങണം. ഭാഷയും സാഹിത്യവും ശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനം സ്കൂൾ പാഠ്യപദ്ധതി യിൽ ഉൾപ്പെടുത്തണം. പാഠ്യപദ്ധതിയിലൂടെ വ്യകതമായ അവബോധവും ഉൾചാഴ്ചയും കുട്ടികളിൽ വളർത്തുന്നതോടൊപ്പം നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെയും മാത്രമേ ഈ സാമൂഹിക അപകടം ഒഴിവാക്കാൻ സാധിക്കുകയുള്ളു.