തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി) യുടെ ഭാഗമായ വലതുകര കനാൽ തുറക്കാത്തതിനാൽ കനാൽ കടന്നു പോകുന്ന മേഖലകളിലെ ജനങ്ങൾ ദുരിതത്തിൽ. കടുത്ത വേനലിന്റെ ആരംഭത്തോടെ ഇടതു , വലതു കര കനാലുകൾ തുറക്കുമെങ്കിലും ഇടതു കര കനാൽ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്.
വലതുകര കനാൽ തുറക്കാത്തതിനാൽ ഇതിന്റെ തീരമേഖലകൾ കടുത്ത ജലക്ഷാമം നേരിടുകയാണ്. സമീപത്തെ കിണറുകൾ എല്ലാം വറ്റിത്തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. കനാൽ തുറക്കുന്നതിനു മുന്നോടിയായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതാണ് വെള്ളം തുറന്നു വിടുന്നത് വൈകാൻ കാരണമെന്ന് എംവിഐപി അധികൃതർ പറയുന്നു.
സാധാരണ ഡിസംബർ അവസാനത്തോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കനാലുകൾ തുറക്കുകയായിരുന്നു പതിവ്. എന്നാൽ മഴ ശക്തമായതോടെ 2018 മുതൽ ഇത് വൈകുകയായിരുന്നു. 2019-ൽ ഫെബ്രുവരി അഞ്ചിനാണ് കനാലുകൾ തുറന്നത്.
ഈ വർഷവും കനാലുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി ആയിട്ടും കനാൽ തുറന്ന് വിടാൻ കഴിഞ്ഞില്ല. കഴിഞ്ഞ പത്തിനാണ് ഇടതുകര കനാൽ നവീകരണം പൂർത്തിയാക്കി തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയത്. എന്നാൽ പിന്നെയും ദിവസങ്ങൾ പിന്നിട്ടിട്ടും വലതു കര കനാലിലൂടെ വെള്ളമൊഴുക്കാൻ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ വേനൽക്കാലത്ത് കനാലിലെ വെള്ളം ആശ്രയിച്ച് കഴിയുന്നുണ്ട്.
1994-ൽ ഭാഗികമായി കമ്മീഷൻ ചെയ്ത പദ്ധതിയുടെ ഭാഗമായ ജോലികൾ ഇന്നും തുടർന്നു വരികയാണ്.മുതലക്കോടം, തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, ഏനാനെല്ലൂർ, ആനിക്കാട്, രണ്ടാറ്റിൻകര വഴി വലതുകര കനാൽ 27 കിലോമീറ്ററോളം ദൂരത്തിലാണ് ഒഴുകുന്നത്. പെരുമറ്റം, കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, ആറൂര്(കൂത്താട്ടുകുളം), മണ്ണത്തൂർ, കടുത്തുരുത്തി, കടപ്പൂർ, ഏറ്റുമാനൂർ വരെയാണ് ഇടതുകര കനാൽ ഒഴുകുന്നത്. 39 കിലോ മീറ്ററോളം ദൂരമാണ് കനാലിനുള്ളത്.
വേനൽക്കാലത്ത് ഈ മേഖലകളിലെല്ലാം ജലസേചനത്തിനും കുടിവെള്ളത്തിനുമായി ആയിരങ്ങൾ കനാലുകളെ ആശ്രയിക്കുന്നു. കനാലിലൂടെ വെള്ളം തുറന്നു വിട്ടാൽ അരകിലോമീറ്ററോളം ചുറ്റളവിൽ കിണറുകളും ജലസമൃദ്ധമാകും. കൂടാതെ പാടങ്ങളിലും അരുവികളിലും കൈത്തോടുകളിലും വെള്ളം ലഭിക്കും.
അടുത്ത 21 -ഓടെ വലതു കരകനാൽ തുറക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ കിണറുകളെയും കുളങ്ങളെയും വേനൽ കടുത്ത തോതിൽ ബാധിച്ചതിനാൽ അടിയന്തരമായി വലതുകര കനാൽ തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.