ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കു​റ്റ​ക്കാ​ര​ൻ
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോടതി. പ്ര​തി​ക്കു​ള്ള ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. ബൈ​സ​ണ്‍​വാ​ലി കോ​മാ​ളി​ക്കു​ടി ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന പ്ര​തി ര​ണ്ടാം​ഭാ​ര്യ​യാ​യി​രു​ന്ന ഈ​ശ്വ​രി(26)​നെ​യാ​ണ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2012 മേ​യ് 14നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ആ​ദ്യ​ഭാ​ര്യ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം. സം​ഭ​വദി​വ​സം പ്ര​തി​യും ഈ​ശ്വ​രി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ ഈ​ശ്വ​രി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി ഇ​ട​യ്ക്ക് ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം സം​ബ​ന്ധി​ച്ച് ചു​രു​ള​ഴി​യു​ന്ന​ത്.
മ​ര​ണ​മൊ​ഴി​യും അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി​ക​ളും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും വൈ​ദ്യശാ​സ്ത്ര തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന വി.​എ​ൻ. ​സ​ജി, എ​സ്ഐ സോ​ണി മ​ത്താ​യി, സി​ഐ ഇ.​ഡി.​ മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ്പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.​ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ മ​നോ​ജ് കു​ര്യ​ൻ ഹാ​ജ​രാ​യി.