കോ​വി​ഡ് മൂ​ന്നാം ത​രം​ഗം! പ്ര​തി​രോ​ധം ഒ​രു​ക്കി ഇ​ടു​ക്കി രൂ​പ​ത
Thursday, September 16, 2021 11:29 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ടു​ക്കി രൂ​പ​ത സ​ജ്ജ​മാ​കു​ന്നു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ങ്കി​ലും മൂ​ന്നാം ത​രം​ഗം മു​ന്നി​ൽ​കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​പു​ല​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രൂ​പ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻട്രേറ്ററു​ക​ൾ എ​ത്തി​ച്ചു​തു​ട​ങ്ങി. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കി​റ്റു​ക​ളും വി​ത​ര​ണം തു​ട​ങ്ങി. ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെവ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ൽ​ബ​ൻ രൂ​പ​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​രി​ത്താ​സ് ഇ​ന്ത്യ​യും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​വും കെ​സി​ബി​സി​യും ചേ​ർ​ന്നാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
പൾസ് ഓക്സിമീ​റ്റ​ർ, നെ​ബു​ലൈ​സ​ർ, തെ​ർ​മോ​മീ​റ്റ​ർ, സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ് വാ​ഷ്, മാ​സ്ക് തു​ട​ങ്ങി​യ​വ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ് മെ​ഡി​ക്ക​ൽ കി​റ്റ്. ഇ​ടു​ക്കി രൂ​പ​ത​യു​ടെ ’നി​ങ്ങ​ൾ​ക്കൊ​പ്പം’ എ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് മെ​ഡി​ക്ക​ൽ കി​റ്റ് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, സൊ​സൈ​റ്റി എ​ക്സി​ക്യൂട്ടീവ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​തോ​മ​സ് ആ​നി​കു​ഴി​ക്കാ​ട്ടി​ൽ, ഫാ. ​ടോ​മി ആ​നി​കു​ഴി​ക്കാ​ട്ടി​ൽ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ കോ​ ഓർഡി​നേ​റ്റ​ർ ബാ​ബു വെ​ട്ടി​ക്കാ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.