കു​ള​മാ​വി​ൽ സു​ര​ക്ഷാ​മേ​ഖ​ല​യി​ലെ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ടി​ഞ്ഞു
Monday, June 14, 2021 9:53 PM IST
കു​ള​മാ​വ്: അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ നാ​ടു​കാ​ണി ബ​ട്ട​ർ​ഫ്ളൈ വാ​ൽ​വി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. കു​ള​മാ​വ് ഡാ​മി​ൽ നി​ന്നും മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ബ​ട്ട​ർ​ഫ്ളൈ വാ​ൽ​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്.​ഈ ഭാ​ഗ​ത്ത് റോ​ഡ് വീ​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. ഇ​തു റോ​ഡ് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.​

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​വി​ടെ ഏ​റെ താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വീ​ണ്ടും പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണി​വി​ടം.​അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വൈ​ദ്യു​തി ബോ​ർ​ഡാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്.