ചെറുതോണി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ അതിജീവന പോരാട്ടം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെസിവൈഎം ഇടുക്കി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ 51 യുവജനങ്ങൾ നാളെ ചെറുതോണിയിൽ ഉപവസിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിയന്ത്രണ ഉത്തരവ് പിൻവലിക്കുക, ബഫർസോണ്‍ ഉത്തരവ് പിൻവലിക്കുക, വന്യജീവി ആക്രമണങ്ങളിൽനിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യുവജനങ്ങളുടെ ഉപവാസസമരം.
നാളെ രാവിലെ ഒൻപതുമുതൽ വൈകുന്നേരം ആറുവരെയാണ് ചെറുതോണിയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഉപവാസ സത്യഗ്രഹ സമരം നടത്തുന്നത്. ഇടുക്കി രൂപതയിലെ കെസിവൈഎമിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചാണ് 51 യുവജനങ്ങൾ സമരത്തിൽ പങ്കെടുക്കുന്നത്.
സമരത്തിന്റെ ഉദ്ഘാടനം ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ നിർവഹിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ, മുൻ എംപി കെ. ഫ്രാൻസിസ് ജോർജ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, എകെസിസി ഗ്ലോബൽ സെക്രട്ടറി ജോർജ് കോയിക്കൽ എന്നിവരും രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളും പ്രസംഗിക്കും.
കാർഷിക നിയമത്തിലെ കർഷക വിരുദ്ധതയെകുറിച്ചും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കെ.എം. ജോർജ്, പ്രഫ. റോണി കെ. ബേബി എന്നിവർ പ്രസംഗിക്കും.
സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനംചെയ്യും. ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി ജോയ്സ് ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാര സമിതി പ്രസിഡന്റ് സാജൻ കുന്നേൽ എന്നിവർ പ്രസംഗിക്കുമെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് ടോമിൻ അഗസ്റ്റിൻ, ഡയറക്ടർ ഫാ. മാത്യു ഞവരക്കാട്ട്, സത്യഗ്രഹ സമരം ജനറൽ കണ്‍വീൻ സിജോ ഇലന്തൂർ, അലക്സ് തോമസ്, ആൽബിൻ വറപോളക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.