അന്പലപ്പുഴ: കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ ലൈഫ് പദ്ധതിയുടെ രണ്ടുഘട്ടങ്ങളായി അന്പലപ്പുഴ തെക്ക് പഞ്ചായത്ത് പൂർത്തിയാക്കി നൽകിയത് 155 വീടുകൾ. പഞ്ചായത്ത് ഒന്നാം ഘട്ടത്തിൽ 24 വീടുകളും രണ്ടാം ഘട്ടത്തിൽ 131 വീടുകളും നിർമിച്ച് നൽകിരുന്നു. മൂന്നാം ഘട്ടത്തിൽ 132 വീടുകൾ നൽകുവാനുള്ള നടപടികൾ ലൈഫ് പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചു വരികയാണ്. 2018ലെ മഹാ പ്രളയത്തിൽ കുട്ടനാട്ടിലെ 17,000ലധികം ജനങ്ങൾക്ക് പഞ്ചായത്തിലെ ഒന്പതു ഷെൽട്ടറുകളിലായി താമസ സൗകര്യവും അവർക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു.
കാലവർഷക്കെടുതിയിപ്പെട്ട 161 വീടുകളുടെ പുനർനിർമാണത്തിനും 382 വീടുകളുടെ പുനരുദ്ധാരണത്തിനുമാവശ്യമായ സഹായം റവന്യു വകുപ്പുമായി ചേർന്ന് ദ്രുതഗതിയിൽ വിതരണം ചെയ്തു. ജനങ്ങൾക്ക് മികച്ച സേവനങ്ങൾ സമയബന്ധിതമായി നൽകിയതിന്റെ ഭാഗമായി പഞ്ചായത്തിന് ഈ കാലയളവിൽ ഐഎസ്ഒ 9001-2015 അംഗീകാരവും ലഭിച്ചു. കേര ഗ്രാമം പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ പെടുത്തി 75 ലക്ഷം രൂപ ചെലവിൽ ജൈവ ജീവാണു വളപ്രയോഗം ഉൾപ്പെടെയുള്ള സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ, തെങ്ങുകയറാൻ സഹായമാകുന്ന ഉപകരണം, പന്പുസെറ്റ്, തുള്ളിനന സംവിധാനം, ജൈവവളം, മണ്ണിര കന്പോസ്റ്റ് യൂണിറ്റ് എന്നിവയെല്ലാം കർഷകർക്ക് ലഭ്യമാക്കി. വെളിച്ചെണ്ണ ഉത്പാദന യൂണിറ്റും സ്ഥാപിച്ചു.
വൈദ്യുതി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നിർദേശനുസരണം സന്പൂർണ എൽഇഡി പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു. എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിച്ചു സന്പൂർണ എൽഇഡി ഗ്രാമം എന്ന ലക്ഷ്യം നേടുന്നതിന് 2020-2021 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എല്ലാ വീടുകൾക്കും കണക്ഷൻ നൽകി സന്പൂർണ കുടിവെള്ള കണക്ഷൻ നേടിയ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മുട്ട ഗ്രാമം പദ്ധതിയിലൂടെ കുടുംബശ്രീ യൂണിറ്റുകളിൽ ഉൾപ്പെട്ട 1034 വനിതകൾക്ക് മുട്ടക്കോഴികളെയും കോഴിത്തീറ്റയും നൽകി. കെപ്കോ ആശ്രയ പദ്ധതിയിലൂടെ വിധവകൾക്കും കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു. ക്ഷീരോത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കർഷകർക്ക് കിടാരികളെ വിതരണം ചെയ്യുകയും കാലിത്തീറ്റ സബ്സിഡി, പാലിന് ബോണസ്, എന്നീ പദ്ധതികളിലൂടെ ക്ഷീരോത്പാദനം വർധിപ്പിക്കാനും സാധിച്ചു. ഈ കാലയളവിൽ സർക്കാർ സഹായത്തോടെ 42 ലക്ഷം രൂപ ചെലവിൽ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചു.
പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ കിടപ്പു രോഗികളുടെ പരിചരണം കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്നു. കൂടാതെ ആയുർവേദം, ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെ സൗജന്യ മരുന്നു വിതരണവും നടത്തുന്നുണ്ട്. പട്ടികജാതി വർഗ ക്ഷേമത്തിനായി വാർഷിക പദ്ധതിയിൽ പ്രാധാന്യം നൽകി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സൈക്കിൾ, വൃദ്ധജനങ്ങൾക്ക് കട്ടിൽ, വിവാഹ ധനസഹായം, വീട് പുനരുദ്ധാരണ ധനസഹായം എന്നിവ എല്ലാ വർഷവും നൽകിവരുന്നു.
പൊതുമരാമത്തുമന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ നിർമിച്ച അന്തർദേശിയ നിലവാരത്തോടെയുള്ള അന്പലപ്പുഴ തിരുവല്ല സംസ്ഥാന പാത, സ്കൂൾ കെട്ടിടങ്ങൾ, ഓഡിറ്റോറിയങ്ങൾ, പി.കെ മെമ്മോറിയൽ ഗ്രന്ഥ ശാലയ്ക്ക് പുതിയ കെട്ടിടം, ഗ്രാമീണ റോഡുകൾ, തീരദേശ ഹൈവേ, കരുമാടിയിലെ പുതിയ ഗസറ്റ് ഹൗസ് തുടങ്ങിയവും ഈ കാലയളവിലാണ് യാഥാർഥ്യമായതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ പറഞ്ഞു.