കായംകുളം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം ചാലിൽ വടക്കതിൽ വീട്ടിൽനിന്നു കണ്ടല്ലൂർ വടക്ക് ബിനുഭവനത്തിൽ താമസിച്ചുവരുന്ന അനീഷ് (24), ഭാര്യ ആര്യ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിനാൽ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിന്റെ നിർദേശാനുസരണം ഡൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ ഏഴിന് ഇവർ മയക്കുമരുന്നുമായി കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് തെക്കുവശം എസ്യു ഗാർഡൻ പേ ആൻഡ് പാർക്കിന് സമീപം നിൽക്കുന്പോഴാണ് പോലീസ് സംഘം പിടികൂടിയത്. ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്ന മാരക മയക്കുമരുന്നായ 67 ഗ്രാം എംഡിഎംഎയാണു കണ്ടെത്തിയത്.
വിപണിയിൽ ഉദ്ദേശം മൂന്നര ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്നാണ് ഇവരിൽനിന്നു കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാർ, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, കനകക്കുന്ന് സിഐ ജയകുമാർ, കായംകുളം എസ്ഐ ശ്രീകുമാർ, ഡാൻസാഫ് അംഗങ്ങളായ എസ്ഐ സന്തോഷ്, എസ്ഐ ഇല്യാസ്, എഎസ്ഐ ജാക്സൺ, പോലീസുകാരായ എബി, മുഹമ്മദ് ഷാഫി, ഉല്ലാസ്, വിനീഷ്, പ്രവീഷ്, സിദ്ധിഖ് എന്നിവരും കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരായ അരുൺ, റെജി, സബീഷ്, അനൂപ്, വനിതാ പോലീസുകാരായ ജോളി, റസീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.