പൂച്ചാക്കൽ: മഴ കനത്തതോടെ ആലപ്പുഴ ജില്ലയുടെ പല പ്രദേശങ്ങളിലും വെള്ള ക്കെട്ട്. ഗ്രാമീണ റോഡുകളും വീടുകളും വെള്ളക്കെട്ടിലാണ്. നാട്ടുതോടുകളിൽ മാലിന്യം നിറഞ്ഞതിനാൽ ഒഴുക്ക് നില ച്ചതാണ് പെട്ടെന്നു വെള്ളക്കെട്ട് രൂപപ്പെ ടാൻ കാരണം.
ചേർത്തല താലൂക്കിന്റെ വടക്കെ അറ്റമായ തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തുകളിലെ തോടുകളിലെ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. ഇവ നീക്കം
ചെയ്തിട്ടില്ല. സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴും നാട്ടുതോടുകൾ മാലിന്യ കൂമ്പാരങ്ങളായി കിടക്കുകയാണ്.
തോടുകൾ മാലിന്യം നിറഞ്ഞത് പകർച്ചവ്യാധികൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. കായലോരങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പള്ളിപ്പുറം, തൈക്കാട്ടുശേരി, പോളെക്കടവ്, ഉളവയ്പ്പ് എന്നീ പ്രദേശങ്ങളിലും കാക്കത്തുരുത്ത്, പെരുമ്പളം, കുട്ടൻചാൽ എന്നീ ദ്വീപുകളിലും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ജീവിതം കൂടുതൽ ദുരിതപൂർണമായി.
തൈക്കാട്ടുശേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചുടുകാട്ടുംപുറം, വളവങ്കേരി, പൂമംഗലം, കീത്തറ എന്നീ പട്ടികജാതി കോളനികളിലും പ്രദേശങ്ങളിലും വെളളം കയറിയ നിലയിലാണ്. ഉളവയ്പ്പിൽ നാൽപ്പതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കുട്ടൻചാലിൽ താമസിക്കുന്ന 156 കുടുംബങ്ങളുടെ അവസ്ഥയും സമാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കായലിൽ നിന്നു കറിയ വെള്ളവും പെയ്ത്തു വെള്ളവും കൂടിയായപ്പോൾ വീടിനു പുറത്തിറങ്ങാനാവാതെ കഴിയുകയാണ് ആളുകൾ.
ഇങ്ങനെയുണ്ടോ ഒരു ദുരിതം!
വിത മുതൽ മെതി വരെ കഷ്ടതകൾ
മാന്നാർ: അപ്പർ കുട്ടനാടൻ മേഖലയിലെ കർഷകർ ഇത്തവണ നേരിടേണ്ടി വന്നതു നിരവധി പ്രതികൂല സാഹചര്യങ്ങൾ. വിത്തുവിത മുതൽ കൊയ്ത്തുവരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. വിതസമയത്ത് എരണ്ടകളുടെ ശല്യം തുടങ്ങി. കതിരണിയാറായപ്പോഴേക്കു വരിനെല്ല് ശല്യം രൂക്ഷമായി.
അതു പരിഹരിച്ചു വരുമ്പോൾ വേനൽ മഴയെത്തി. മഴയിൽ കുറെ നെൽച്ചെടികൾ നശിച്ചു. നെല്ല് പാകമായി കൊയ്ത് കൂട്ടിയപ്പോൾ മില്ലുടമകൾ എടുക്കാൻ തയാറായില്ല. അപ്പോഴേക്കും കുറെ ഭാഗം കൊയ്തില്ല. ഇതിനിടയിൽ കാലം തെറ്റിയെത്തിയ മഴകൂടി എത്തിയതോ ടെ കഷ്ടകാലം പറയേണ്ടതില്ല.
കൊയ്തെടുക്കാനാവാതെ
മാന്നാർ ചെന്നിത്തല പാടശേഖരങ്ങളിൽ വെള്ളം കയറിയതുമൂലം കൊയ്തെടുക്കാൻ കഴിയാതെ കർഷകർ ദുരിതത്തിലാണ്.
കുരട്ടിശേരി പുഞ്ചയിലെ വേഴത്താർ, നാലുതോട്, കുടവെള്ളാരി എ, കുടവെള്ളരി ബി, കണ്ടങ്കരി, ഇടപുഞ്ച പടിഞ്ഞാറ്, കിഴക്ക്, അരിയോടിച്ചാൽ എന്നിവിടങ്ങളിൽ 1400 ഏക്കറിൽ കൃഷി ഇറക്കിയത്. അരിയോടി, ഇടപ്പുഞ്ച, കുട വെള്ളാരി എന്നീ പാടങ്ങളിൽ മാത്രമാണ് കൊയ്ത്തു നടന്നത്.
നെല്ലെടുക്കാൻ
വൈകുന്പോൾ
750 ഏക്കറോളം കൊയ്യാനുണ്ട് നാലുതോട് പാടശേഖത്തിൽ കൊയ്ത്ത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ചെന്നിത്തല പാടത്ത് വെള്ളം കയറിയതുമൂലം ചില ബ്ലോക്കുകളിൽ കൊയ്ത്ത് കഴിഞ്ഞിട്ടില്ല. 15 ബ്ലോക്കുകളുള്ള ഇവിടെ രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ബ്ലോക്കുകളിൽനിന്നുമാണ് നെല്ലുകൊണ്ടു പോയിട്ടുള്ളത്. നാല്, എട്ട് ബ്ലോക്കുകളിൽ കൊയ്ത്തു കഴിഞ്ഞിട്ടില്ല.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കൊയ്തെടുത്ത നെല്ലുകൾ മില്ലുകാർ കൊണ്ടുപോകാൻ വൈകുന്നതോടെ കർഷകർ സ്വന്തം ചെലവിൽ നെല്ലുകൾ ഒരു വിധം കരയ്ക്കെത്തിച്ചു.
മഴ തുടരുന്നതിനാൽ വെള്ളത്തിലായ നെല്ല് കൊയ്തെടുത്തെങ്കിലും ഇവ മില്ലുകാർ എടുക്കില്ല. അതിനാൽ ഇനി കൊയ്യാനുള്ളവ വെള്ളത്തിൽ ഉപേക്ഷിക്കാനേ കഴിയൂവെന്നാണ് കർഷകർ പറയുന്നത്.
മേയിൽ മാത്രം 47.94 കോടിയുടെ കൃഷിനാശം
ആലപ്പുഴ: മഴമൂലം ഈ മാസം ഇതുവരെ ജില്ലയിലുണ്ടായത് 47.94 കോടി രൂപയുടെ കൃഷിനാശം. ആകെ 4031.37 ഹെക്ടറിലെ കൃഷി നശിച്ചതായും 7127 കര്‍ഷകരെ ബാധിച്ചതായുമാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. നെല്‍കൃഷിക്കാണ് ഏറ്റവുമധികം നാശനഷ്ടം നേരിട്ടത്.
3016.23 ഹെക്ടറിലെ നെല്ല് നശിച്ചതിനെത്തുടര്‍ന്ന് 45.27 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3684 കര്‍ഷകരെ ബാധിച്ചു. പച്ചക്കറികള്‍(1.17 കോടി), വാഴ(1.03 കോടി), കിഴങ്ങു വര്‍ഗങ്ങള്‍ (19.87 ലക്ഷം) തുടങ്ങിയവയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റു കൃഷികള്‍.