ആലപ്പുഴ: ഒരുമാസമായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ആലപ്പുഴ ജില്ലയുടെ കാര്‍ഷിക മേഖലയ്ക്കുണ്ടയ നഷ്ടം 137 കോടി രൂപ. കുട്ടനാട്, അപ്പര്‍ കുട്ടനാട് ഉള്‍പ്പെടുന്ന നെല്‍കൃഷി മേഖലയ്ക്കാണ് കനത്ത നഷ്ടമുണ്ടായിരിക്കുന്നത്. വിളവെടുപ്പ് താമസിച്ചതിനാല്‍ അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷിക്കാണ് നഷ്ടം ഏറ്റവുമധികം. ജില്ലയില്‍ 9,438.41 ഹെക്ടറിലെ കൃഷിയാണ് മഴയത്ത് ഒലിച്ചുപോയത്.
16,519 കര്ഷകര്ക്കര്ക്കു 13,654 ലക്ഷത്തിന്റെ നഷ്ടവുമുണ്ടായി. കൊയ്തെടുത്ത നെല്ല് കൃത്യസമയത്ത് എടുക്കാനുള്ള നടപടിയെങ്കിലും സർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ നഷ്ടം ഇത്ര ഭീമമാകുമായിരുന്നില്ല. കൊയ്ത്ത് യന്ത്രങ്ങൾ കൃത്യസമയത്തെത്തിയിരുന്നെങ്കിൽ വേനൽമഴ നാശം വിതയ്ക്കുന്നതിനു മുന്‍പേ നെല്ല് കരയ്ക്കെത്തിക്കാമായിരുന്നു.
കഴിഞ്ഞ 14 മുതല്‍ 16 വരെ പെയ്തമഴയില്‍ 16 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. 2,954 കര്‍ഷകരുടെ 1,469 ഹെക്ടറിലെ കൃഷിയാണു നശിച്ചത്. ഇതില്‍ നഷ്ടമേറെ സംഭവിച്ചതും ആലപ്പുഴയിലാണ്. സംസ്ഥാനത്തെ 16 കോടിയില്‍ 10 കോടിയുടെ കൃഷി നാശമുണ്ടായതും ഇവിടെയാണ്. ജില്ലയില്‍ 1,010.30 ഹെക്ടറിലായി നശിച്ചത് 1,806 കര്‍ഷകരുടെ 1,046.54 ലക്ഷത്തിന്റെ കൃഷിയാണ്.
കുട്ടനാടിന്റെ വേദന
ഒരുമാസത്തെ മഴയില്‍ നഷ്ടമേറെ സംഭവിച്ചത് കുട്ടനാട്ടിലെ കര്‍ഷകര്‍ക്കാണ്. കുട്ടനാട്ടിലെ ചമ്പക്കുളം ബ്ലോക്കിനു കീഴിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. ഇവിടെ 5,744 കര്‍ഷകരുടെ 3,502.96 ഹെക്ടറിലെ കൃഷി നശിച്ചു.
5,261.62 ലക്ഷത്തിന്റെ നഷ്ടമാണിവിടെയുണ്ടായിരിക്കുന്നത്. രാമങ്കരിയില്‍ 3,266.86 ഹെക്ടറിലെ കൃഷിയാണ് മഴകൊണ്ടുപോയത്. 4,975 കര്‍ഷകര്‍ക്കായി 4,912.88 ലക്ഷത്തിന്റെ കൃഷി നാശമുണ്ടായി.
പേമാരി തുടരുന്നതിനാല്‍ നഷ്ടം ഭീമമായി ഉയരാനാണ് സാധ്യത. രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങളെയും കാലം തെറ്റിപ്പെയ്യുന്ന മഴ പിന്നോട്ടടിക്കും.