മ​ത്സ്യ​വി​ൽ​പ്പന കേ​ന്ദ്ര​മി​ല്ല: വി​ൽ​പ്പന​ക്കാ​ർ പെ​രു​വ​ഴി​യി​ൽ
Sunday, January 16, 2022 10:33 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ത്സ്യവി​ൽ​പ്പ​ന​യ്ക്ക് സ്ഥ​ല​മി​ല്ലാ​തെ വി​ൽ​പ്പ​ന​ക്കാ​ർ വ​ല​യു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി പി.​എ​സ്. ക​വ​ല​യ്ക്കു സ​മീ​പ​ത്താ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ വി​ൽ​പ്പ​നകേ​ന്ദ്ര​ത്തി​ൽ വി​ൽ​പ്പ​ന നി​രോ​ധി​ച്ച​തുമൂ​ല​മാ​ണ് വി​ൽ​പ്പ​ന​ക്കാ​ർ റോ​ഡ​രി​കി​ൽ അ​ഭ​യം തേ​ടേ​ണ്ടിവ​ന്ന​ത്. തൈ​ക്കാ​ട്ടു​ശേ​രി-​തു​റ​വൂ​ർ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ധാ​രാ​ള​മെ​ത്തു​ന്നു​ണ്ട്. വീ​തി കു​റ​ഞ്ഞ റോ​ഡ​രി​കി​ലെ മ​ത്സ്യ​വി​ൽ​പ്പ​ന അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തും. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റേ​തും അ​ല്ലാ​ത്ത​തു​മാ​യ ധാ​രാ​ളം സ്ഥ​ല​ങ്ങ​ൾ ഇ​വി​ടു​ണ്ട്. അ​വ ക​ണ്ടെ​ത്തി മ​ത്സ്യ വി​ൽ​പ്പ​ന​യ്ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കു​രി​ശു​ക​ട​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി​യി​ൽ പ​ള്ളി​വ​ക സ്ഥ​ല​ത്താ​യി​രു​ന്നു മ​ത്സ്യ​വി​ൽ​പ്പ​ന കേ​ന്ദ്രം.​ പി​ന്നീ​ട് പി.​എ​സ്.​ ക​വ​ല​യു​ടെ സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യവ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സോ​ടെ സ്വ​കാ​ര്യ മാ​ർ​ക്ക​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് പു​തി​യ വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ച​തും മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തി​ൽനി​ന്നു ലൈ​സ​ൻ​സ് പു​തു​ക്കാ​തി​രു​ന്ന​തു​മാ​ണ് പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കാ​ൻ കാ​ര​ണം. പ​ഞ്ചാ​യ​ത്തു​വ​ക മാ​ർ​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.​ നി​ല​വി​ൽ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ പൂ​ച്ചാ​ക്ക​ലി​ൽ മാ​ത്ര​മാ​ണു പൊ​തു​മാ​ർ​ക്ക​റ്റു​ള്ള​ത്. ബ​ഹു​ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡ​രി​കി​ലാ​ണ് മ​ത്സ്യവി​ല്‍​പ്പ​ന.