സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ മാ​വേ​ലി​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യി മാ​ലി​നി
Friday, September 24, 2021 10:20 PM IST
മാ​വേ​ലി​ക്ക​ര: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ മാ​വേ​ലി​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​യി എ​സ്. മാ​ലി​നി. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ 135-ാം റാ​ങ്കാ​ണ് മാ​ലി​നി ക​ര​സ്ഥ​മാ​ക്കി​യ​ത്. യാ​ത്ര​യെ സ്നേ​ഹി​ക്കു​ന്ന​തു കൊ​ണ്ട് ഐ​എ​ഫ്എ​സി​നോ​ടാ​ണ് താ​ത്പ​ര്യ​മെ​ന്നും മാ​ലി​നി. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ പ​രേ​ത​നാ​യ പ്ര​ഫ. എ​രു​മേ​ലി പ​ര​മേ​ശ്വ​ര​ൻ​പി​ള്ള​യു​ടെ കൊ​ച്ചു​മ​ക​ളും മാ​വേ​ലി​ക്ക​ര ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് പ്ര​തി​ഭ​യി​ൽ അ​ഡ്വ. പി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റേ​യും എ​സ്.​ശ്രീ​ല​ത​യു​ടെ​യും (റി​ട്ട. അ​ധ്യാ​പി​ക, നൂ​റ​നാ​ട് പ​ട​നി​ലം എ​ച്ച്എ​സ്എ​സ്) മ​ക​ളു​മാ​ണ് എ​സ്. മാ​ലി​നി (29).
മാ​വേ​ലി​ക്ക​ര വി​ദ്യാ​ധി​രാ​ജ വി​ദ്യാ​പീ​ഠം, കാ​യം​കു​ളം എ​സ്എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഫോ​റി​ൻ ലാ​ഗ്വേ​ജ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ഇം​ഗ്ലീ​ഷി​ൽ ബി​രു​ദ​വും ലിം​ഗ്വി​സ്റ്റി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ക്ക​വേ​യാ​ണു സി​വി​ൽ സ​ർ​വീ​സ് മോ​ഹം ക​ല​ശ​ലാ​യ​ത്. 2017ൽ ​നാ​ട്ടി​ലെ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തു പി​തൃ​സ​ഹോ​ദ​രി പ്രീ​ത (റ​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ്), ഭ​ർ​ത്താ​വ് പ​ത്മ​കു​മാ​ർ (സെ​ൻ​ട്ര​ൽ എ​ക്സൈ​സ് അ​സി. ക​മ്മീ​ഷ​ണ​ർ) എ​ന്നി​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചു സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം തു​ട​ങ്ങി. ആ​ദ്യ ര​ണ്ടു ത​വ​ണ അ​ഭി​മു​ഖ ത​ല​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.
നി​രാ​ശ​യാ​കാ​തെ പ​രി​ശീ​ല​നം തു​ട​ര​വേ 2020ൽ ​ഹൈ​ക്കോ​ട​തി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ല​ഭി​ച്ചു. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം അ​വ​ധി​യെ​ടു​ത്തു പ​ഠ​നം തു​ട​ർ​ന്നാ​ണു നേ​ട്ടം കൈ​വ​രി​ച്ച​ത്. സ​ഹോ​ദ​രി: ന​ന്ദി​നി (പു​തു​ച്ചേ​രി കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി).