ചെങ്ങന്നൂർ: ഗ്രാമീണമേഖലയിൽ ആരോഗ്യപരിപാലനരംഗത്ത് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സകൾ ലഭ്യമാക്കാൻ ചെങ്ങന്നൂരില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷതവഹിക്കും. രാവി 10.30-ന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ്, കെ. സുരേന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എംപി, സജി ചെറിയാൻ എംഎൽഎ, സിപിഎം നേതാവ് കെ.ജെ. തോമസ്, കെഎസ്ഐ ഡിസി എംഡി എം.ജി. രാജമാണിക്കം തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യുഎഇയിലെ ബോസ്കോ ഗ്രൂപ്പ് ഓഫ് കന്പനീസ് സിഎംഡിയും കൊച്ചി ലേക്ഷോർ ഹോസ്പിറ്റൽ സ്ഥാപകനും വൈസ് ചെയർമാനും. വെൽകെയർ ഹോസ്പിറ്റൽ, വെൽകെയർ കോളജ് ഓഫ് നഴ്സിംഗ് എന്നിവയുടെ ചെയർമാനുമായ പി.എം. സെബാസ്റ്റ്യൻ ആശുപത്രിയുടെ ചെയർമാനും ഡയറക്ടർ ബോർഡംഗവുമാണ്. പത്മശ്രീ ഡോ. കെ.എം. ചെറിയാനാണ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗത്തെ നയിക്കുന്നത്.
മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, എമർജൻസി, ട്രോമ കെയർ തുടങ്ങിയ അടിസ്ഥാന ആശുപത്രി സൗകര്യങ്ങൾക്ക് പുറമെ കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോഎൻട്രോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിൽ പ്രമുഖ സ്ഥാനം കൈവരിക്കാനാണ് ആശുപത്രി ലക്ഷ്യമിടുന്നത്. പത്ര സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സണ് ഡോ. ഷീല ഫിലിപ്പോസ്, മാനേജിംഗ് ഡയറക്ടർ ഫാ. അലക്്സാണ്ടർ കൂടാരത്തിൽ, ഡയറക്ടർ ബോർഡ് മെന്പർമാരായ ജൂബി എം. മാത്യു, ഫിലിപ്പ്, ഡോ. ഏബ്രഹാം പെരുമാൾ, മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻപിള്ള എന്നിവർ പങ്കെടുത്തു.