ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ ഭരതന്റെ സ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഭരതൻ സ്മാരക ഹ്രസ്വ സിനിമാ പുരസ്കാരങ്ങൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സൻവറൂദ് വക്കം സംവിധാനം ചെയ്ത കാട്ടുറുന്പിന്റെ സ്വർഗം, ബോബൻ സിത്താരയുടെ ഇനി, ആർ. സന്ധ്യയുടെ ഓളങ്ങളിലെ കാണാക്കയങ്ങൾ, ദീപു കാട്ടൂരിന്റെ അനുരാഗ മുരളി, സന്ധ്യ ആറിന്റെ കിളിപാടിയ പാട്ട്, ദിലീപ് നികേതന്റെ ഗിഫ്റ്റ്, കെ.ജെ. ജോസിന്റെ വേർപാടിന്റെ പുസ്തകം, സാബു എസ്.എൽ പുരത്തിന്റെ വൃത്തം, കെ. സന്മയാനന്ദന്റെ ചിപ്രം, ഹാപ്പി ബൈജുവിന്റെ വെണ്ണിലാവ്, കെ.എച്ച്. ആദിത്യന്റെ നവംബർ നൈറ്റ്, രാഹുൽരാജിന്റെ ദ്രവ്യം എന്നീ ചിത്രങ്ങൾ പുരസ്കാരത്തിന് അർഹമായി.
ദിലീപ് നികേതൻ (സംവിധാനം), മോനിച്ചൻ കളപ്പുരയ്ക്കൽ (തിരക്കഥ), അനീഷ് ഹരിദാസ് (കാമറ), ടോണി ജോസഫ് (കലാസംവിധാനം), സി.ജി. മധു കാവുങ്കൽ (ഗാനരചന), ദീപുരാജ് ആലപ്പുഴ (നടൻ), ജീതു ബൈജു (നടി), സായി കൃഷ്ണ (ബാലനടൻ), നിലാന മരിയ തോമസ് (ബാലനടി), ബിജു കലഞ്ഞൂർ (എഡിറ്റിംഗ്) എന്നിവർക്കാണ് മറ്റ് പുരസ്കാരങ്ങൾ. അനാഥരെയും ആലംബഹീനരെയും കണ്ടെത്തി സംരക്ഷിക്കുന്ന ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ ചടങ്ങിൽ സാമൂഹ്യസേവന പുരസ്കാരം നൽകി ആദരിക്കുമെന്നും സ്റ്റഡി സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മെമന്റോയും പ്രശസ്തിപത്രവും അടുത്തമാസം 27ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. സംവിധായകൻ പോൾസണ്‍, കവി ആലപ്പുഴ രാജശേഖരൻ നായർ, മാധ്യമ പ്രർത്തകൻ ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തിൽ ഡയറക്ടർ ആര്യാട് ഭാർഗവൻ, വിധി നിർണയ സമിതി അംഗങ്ങളായ പോൾസണ്‍, ബി. ജോസുകുട്ടി എന്നിവർ പങ്കെടുത്തു.