ആലപ്പുഴ: തെലുങ്കാനയിൽ നിന്നുള്ള സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ സ്ത്രീകളുടെയും കുട്ടികളുടെയും പോഷക പദ്ധതികൾ, സ്ത്രീ സുരക്ഷാ പദ്ധതികൾ എന്നിവ സംബന്ധിച്ച് ജില്ലയിൽ പഠനം നടത്തുന്നതിന് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി.
തെലുങ്കാന മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്മിത സഭർവാളിനൊപ്പം ട്രൈബൽ വെൽഫെയർ സെക്രട്ടറി ക്രിസ്റ്റീന എം. ചോങ്തു, ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ വി. കരുണ, വനിതാ വികസന ശിശുക്ഷേമ സ്പെഷൽ സെക്രട്ടറി ആൻഡ് കമ്മീഷണർ ദിവ്യ ദേവരാജൻ, ഹൈദരാബാദ് പോലീസ് അഡീഷണൽ കമ്മീഷണർ ശിഖ ഗോയൽ, സ്വാതി ലക്ര -ഡിജിപി വിമൻ സേഫ്റ്റി, സുമതി ഡിഐജി, വിമൻ സേഫ്റ്റി , പ്രിയങ്ക വർഗീസ്, ഡോ.ആശ എസ്. ജെ എന്നിവരാണ് സന്ദർശകസംഘത്തിലുള്ളത്. പുന്നപ്ര വനിതാ ശിശു കേന്ദ്രം, പുന്നപ്ര തെക്ക് 15-ാം നന്പർ അങ്കണവാടി എന്നിവ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കളുമായും ജാഗ്രതാ സമിതി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പോഷണം, സ്ത്രീസുരക്ഷ എന്നിവയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ സംബന്ധിച്ച് ചർച്ചകളും നടത്തി.
കളക്ടറുടെ ചേന്പറിൽ എത്തിയ സംഘം ജില്ലാ കളക്ടർ എ. അലക്സാണ്ടറുമായി കൂടിക്കാഴ്ച നടത്തുകയും പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഫീൽഡ് വിസിറ്റിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസർ ഷീബ, വനിതാ ശിശുവികസന അസിസ്റ്റന്റ് ഡയറക്ടർ അനീറ്റ എസ്ലിൻ, വുമണ് പ്രൊട്ടക്ഷൻ ഓഫീസർ സൗമ്യ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾ, ഐസിഡിഎസ് സൂപ്പർവൈസർ അന്പലപ്പുഴ എന്നിവരും പങ്കെടുത്തു.