പത്തനംതിട്ട: ജനറല് ആശുപത്രിയില് ഇന്നു മുതല് കോവിഡ് ചികിത്സയില്ല.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ച മാര്ച്ച് എട്ടുമുതല് ഇതിനു മാത്രമായ ചികിത്സാ വിഭാഗമായി പ്രവര്ത്തിച്ച ആശുപത്രി ശബരിമല തീര്ഥാടന ക്രമീകരണങ്ങളുടെ ഭാഗമായാണ് സാധാരണ ചികിത്സകളിലേക്ക് മടങ്ങുന്നത്.
ജനറല് ആശുപത്രിയിലെ ഇതര വിഭാഗങ്ങള് അടൂര് ജനറല് ആശുപത്രിയിലേക്കു താത്കാലികമായി പുന ക്രമീകരിച്ചിരുന്നു. ഡോക്ടര്മാര് ഇന്നു മുതല് മടങ്ങിയെത്തും.
പത്തനംതിട്ട ജനറല് ആശുപത്രിക്കു പകരമായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഇന്നു മുതല് കോവിഡ് ആശുപത്രി ആകും.
നിലവില് ഗര്ഭിണികളായ 11 പേര് മാത്രമാണ് പത്തനംതിട്ട ജനറല് ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുള്ളത്.
പുതിയ രോഗികളെ ഒരാഴ്ചയായി ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല. കോവിഡ് ചികിത്സാ വിഭാഗം ഒഴിയുന്നതോടെ ശബരിമല വാര്ഡായി ഇതു മാറും.
അത്യാഹിത വിഭാഗം, ജനറല് ഒപി, സ്പെഷലിസ്റ്റ് ഒപി , ഐപി തിയറ്റര്, ഡയാലിസിസ്, ലാബ്, കാര്ഡിയോളജി, ന്യുറോളജി തുടങ്ങി എല്ലാവിഭാഗങ്ങളുടെയും പ്രവര്ത്തനം ഇന്ന് പുനരാരംഭിക്കുമെന്ന് സൂപ്രണ്ട് ഇന് ചാര്ജ് ഡോ. സാജന് മാത്യൂസ് അറിയിച്ചു.
കോവിഡ് പരിശോധനാ സൗകര്യം ജനറല് ആശുപത്രിയിലുണ്ടാകും.
കോവിഡ് രോഗികള്ക്കുള്ള ഡയലിസിസ് അടക്കംജില്ലാ ആശുപത്രിയിലാകും. 35 ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്.
ജനറല് ആശുപത്രിയില്, ജനറല് മെഡിസിന്, പീഡിയാട്രിക്സ്, ത്വക്ക് രോഗവിഭാഗങ്ങള് തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളിലും സര്ജറി, ഇഎന്ടി, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും.
ഡെന്റല് : ചൊവ്വ, ബുധന്, വെള്ളി. കാര്ഡിയോളജി: തിങ്കള്, വ്യാഴം.
ഗൈനക്: ചൊവ്വ, വെള്ളി. ഒപ്താല്: തിങ്കള്, വ്യാഴം, ശനി എന്നീ നിലയിലും പ്രവര്ത്തിക്കും.
ജീവിതശൈലീ രോഗ നിര്ണയ വിഭാഗവും ഏതു വിഭാഗത്തില് ചികിത്സ തേടണമെന്നു നിര്ദേശിക്കുന്ന ട്രയാജ് വിഭാഗവും എല്ലാദിവസവും ഉണ്ടാകും.
കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയില് അത്യാഹിത വിഭാഗം, സാന്ത്വന പരിചരണം, ഗൈനക്കോളജി, ഡയാലിസിസ് വിഭാഗങ്ങള് ഒഴികെയുള്ളവ പ്രവര്ത്തിക്കില്ലെന്ന് ഡിഎംഒ ഡോ. എ.എല്. ഷീജ അറിയിച്ചു.