സ്ഥിതിയും ചരിത്രവും
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മലയാലപ്പുഴ, കോന്നി - താഴം, അതുമ്പുകുളം, തണ്ണിത്തോട്, മൈലപ്ര ഡിവിഷനുക ഉള്‍പ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ മണ്ഡലം.
2015ല്‍
യുഡിഎഫിലെ കെ.ജി. അനിത വിജയിച്ച മണ്ഡലം. വോട്ടിംഗ് നില: കെ.ജി. അനിത (കോണ്‍ഗ്രസ്) - 14901, ബി. രതികല (എല്‍ഡിഎഫ് സ്വത.) - 14191, ടി. സുധ (ബിജെപി) - 4443, ആശ അര്ജുന് (സ്വത.) - 680.
മലയാലപ്പുഴ: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ തോട്ടം മേഖലയും കുടിയേറ്റ പ്രദേശങ്ങളു ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ചെറിയ തോതിലാണെങ്കിലും തമിഴ് ബന്ധവും ഈ മണ്ഡലത്തിനുണ്ട്.
മലയാലപ്പുഴയിലെ ഒരു വാര്‍ഡ് തമിഴ്നാട്ടുകാരായ കുടിയേറ്റ തൊഴിലാളികളുടേതായുമുണ്ട്.മലയാലപ്പുഴ കേന്ദ്രമാക്കി ഒരു ജില്ലാ പഞ്ചായത്ത് മണ്ഡലം നിലവില്‍ വന്നേശേഷം കോണ്‍്ഗ്രസിനെ മാത്രം ജയിപ്പിച്ച പാരമ്പര്യമാണുള്ളത്. ഇത്തവണ പക്ഷേ രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് മറുപക്ഷം.
2005, 2010 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലാതിര്‍ത്തിയില്‍ ചില മാറ്റങ്ങളുണ്ടായെങ്കിലും കഴിഞ്ഞതവണത്തെ അതേ നിലയിലാണ് ഇത്തവണ അതിര്‍ത്തി. 35000 ലധികം വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. മലയാലപ്പുഴ, കോന്നി, തണ്ണിത്തോട്, മൈലപ്ര ഗ്രാമപഞ്ചായത്തുകള്‍ മണ്ഡലത്തിലുള്പ്പെടുന്നുണ്ട്.
കോണ്‍ഗ്രസിലെ സീനിയര്‍ നേതാവിനെ തന്നെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. സംഘടനാരംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും ഏറെക്കാലത്തെ പരിചയമുള്ള സാമുവേല്‍ കിഴക്കുപുറത്തെ നേരിടുന്നത് സിപിഎമ്മിലെ യുവനേതാവ് ജിജോ മോഡിയാണ്. പേരുകൊണ്ട് ഇതിനോടകം മണ്ഡലത്തില്‍ ശ്രദ്ധേയനായി മാറിയ ജിജോ മോഡിക്കും സംഘടനാബലം തന്നെയാണ് കരുത്ത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് കോന്നി ഉപതെരഞ്ഞെടുപ്പിലും കരുത്ത് തെളിയിച്ച ബിജെപിക്ക് ഇത്തവണ മലയാലപ്പുഴയില്‍ പ്രതീക്ഷയേറെയാണ്.
എന്‍ഡിഎയ്ക്കുവേണ്ടി ജി. മനോജാണ് സ്ഥാനാര്‍ഥി. ലോക്സഭ തെരഞ്ഞെടുപ്പില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ മുന്നിലെത്തിയ ബിജെപി ഉപതെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തുമായിരുന്നു.
കാര്‍ഷിക മേഖലയിലാണ് മണ്ഡലത്തിലെ പ്രദേശങ്ങളേറെയും. കാട്ടുപന്നി ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തരിശുഭൂമിയിലടക്കെ കൃഷി ഇറക്കി പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ കര്‍ഷകര്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് ഓരോദിവസവും പന്നിയുടെ ആക്രമണം നടന്നുവരുന്നത്. തങ്ങളുടേതായ പ്രശ്നങ്ങളോടു മുന്നണി സ്ഥാനാര്‍ഥികളുടെ പ്രതികരണം അറിയേണ്ടതുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാത്തതടക്കമുള്ള പ്രശ്നങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു. പട്ടയം അടക്കമുള്ള വിഷയങ്ങളും ഈ മലയോര മണ്ഡലത്തിലെ മത്സരം തികച്ചും രാഷ്ട്രീയമാക്കി മാറ്റിയേക്കാം. അതോടൊപ്പം പ്രാദേശികമായ രാഷ്ട്രീയ സാഹചര്യത്തെ അനുകൂലമാക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കാം.
വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലും കണ്വന്ഷന് യോഗങ്ങളിലുമാണ് തുടക്കത്തില്‍ സ്ഥാനാര്‍ഥികളുടെ ശ്രദ്ധ. ഇതോടൊപ്പം ത്രിതല പഞ്ചായത്ത് ഭരണസമിതിയിലേക്ക് ഒപ്പം മത്സരിക്കുന്നവരെ കൂട്ടിയോജിപ്പിച്ചും അസംതൃപ്തരെ സമാധാനിപ്പിച്ചും മുന്നോട്ടു പോകേണ്ട ചുമതല കൂടിയുണ്ട്.
മലയാലപ്പുഴ മണ്ഡലം നിലവില്‍ വന്നശേഷം ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എലിസബേത്ത് അബുവാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിഐസിയിലെ ശാന്തന് ലെസ്ലിയെയാണ് പരാജയപ്പെടുത്തിയത്. 2010ല്‍ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ആര്‍എസ്പിയിലെ സലിം പി.ചാക്കോയെ പരാജയപ്പെടുത്തി. അത്തവണ മലയാലപ്പുഴയുടെ പ്രതിനിധിയായിരുന്ന ബാബു ജോര്‍ജ് രണ്ടരവര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നതും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ മുന്‍തൂക്കവുമെല്ലാം എല്‍ഡിഎഫ് പ്രതീക്ഷയാണ്.
സാമുവേല്‍ കിഴക്കുപുറം
നിലവില്‍ ഡിസിസി ജനറല്‍ സെക്രട്ടറി. കെഎസ് യുവിലൂടെ പൊതുരംഗത്തെത്തി. ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഡിസിസി അംഗം, ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനങ്ങള്‍ വഹിച്ചു.
മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നിലവില്‍ റെഡ് ക്രോസ് സൊസൈറ്റി കോന്നി താലൂക്ക് സെക്രട്ടറി , ഓള് കേരളാ ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
ജിജോ മോഡി
മോഡി എന്ന് പേരിനൊപ്പം ചേര്‍ത്ത് ശ്രദ്ധേയനാണ് ജിജോ. കോന്നി കിഴക്കുപുറം മോഡിയില്‍ കുടുംബാംഗമാണ്. പേരിനൊപ്പം വീട്ടുപേര് ചേര്‍ത്തപ്പോള്‍ ജിജോ മോഡി എന്ന പേരു സ്വന്തമായി. സിപിഎം കോന്നി താഴം ലോക്കല്‍ സെക്രട്ടറി, കോന്നി ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി അംഗം. ഡിവൈഎഫ്ഐയിലൂടെ പൊതുരംഗത്തെത്തി.
സംഘടനാ ഭാരവാഹിയായിരുന്നിട്ടുണ്ട്. ഇടക്കാലത്ത് മാധ്യമപ്രവര്‍ത്തകനായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പാലിയേറ്റീവ് കെയര്‍, കൈത്താങ്ങ് എന്നിവയുടെ സജീവ നേതൃത്വം വഹിച്ചു.
ജി. മനോജ്
മലയാലപ്പുഴ താഴം തുമ്പോണ്‍ തറയില്‍ കുടുംബാഗം.
മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലി രാജിവച്ച് അഞ്ചുവര്‍ഷമായി മുഴുവന്‍സമയ സംഘടനാ പ്രവര്ത്തകന്.
ഗ്രാമപഞ്ചായത്തംഗം, സാമൂഹിക പ്രവര്ത്തകന്, സംഘടനാരംഗത്ത് സജീവ സാന്നിധ്യം, ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയില്‍ 12 -ാം വാര്‍ഡിനെ പ്രതിനിധീകരിച്ചു.