പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 75 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 46 പേരും പ്രാദേശിക സന്പർക്കത്തിലൂടെയുള്ളവരാണ്. ഇന്നലെ 33 പേർക്കാണ് രോഗമുക്തി.
രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 17പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ജില്ലയിൽ ഇതേവരെ 1918 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 908 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. 1658 പേർക്ക് രോഗമുക്തി ലഭിച്ചു. 258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ അഞ്ചുപേരുടെ സന്പർക്കപശ്ചാത്തലം വ്യക്തമല്ല.
ദമാമിൽ നിന്നെത്തിയ മാത്തൂർ സ്വദേശികളായ ഒന്നും രണ്ടും വയസുള്ള രണ്ട് കുഞ്ഞുങ്ങൾക്കുൾപ്പെടെ വിദേശത്തുനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർ - കോന്നി സ്വദേശി (ഷാർജ, 33), പ്രക്കാനം സ്വദേശി (ദുബായ്, 53), മാരാമണ് സ്വദേശിനി (ദുബായ്, 35), വയലത്തല സ്വദേശി (സൗദി,31), അയിരൂർ സ്വദേശി (ദുബായ്, 31), പതാരം സ്വദേശിനി (ദുബായ്, 29), മൂലംപുഴ സ്വദേശി (ഹോങ്കോംഗ്, 28), പന്തളം സ്വദേശി (മസ്കറ്റ്, 39), കുറ്റൂർ സ്വദേശി (മസ്കറ്റ്, 52), ചാത്തൻതറ സ്വദേശി (ഒമാൻ, 23).
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ: മലയാലപ്പുഴ സ്വദേശികൾ (തമിഴ്നാട്, 31, 34), പുല്ലൂപ്രം സ്വദേശിനി (മഹാരാഷ്ട്ര, 23), കുറിച്ചിമുട്ടം സ്വദേശി (അരുണാചൽ പ്രദേശ്,45), കുന്പനാട് സ്വദേശി (ഹൈദരാബാദ്, 60), റാന്നി സ്വദേശി (തമിഴ്നാട്, 41), ഉതിമൂട് സ്വദേശി (ബംഗളൂരു, 42), വാഴമുട്ടം സ്വദേശിനി (ഹൈദരാബാദ്, 24), കലഞ്ഞൂർ സ്വദേശി (ബംഗളൂരു, 26), ചുങ്കപ്പാറ സ്വദേശികൾ (ബീഹാർ, 22, 40). കുറ്റപ്പുഴ സ്വദേശി (ബംഗളൂരു, 22), നൂറോമ്മാവ് സ്വദേശി (അരുണാചൽ പ്രദേശ്, 49), പള്ളിക്കൽ സ്വദേശി (ലഡാക്ക്, 30), നാറാണംമൂഴി സ്വദേശിനി (ഹരിയാന, 28), നാറാണംമൂഴി സ്വദേശി (ബംഗളൂരു, 32).
ആരോഗ്യ പ്രവർത്തകരിലും രോഗം
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ രണ്ട് രോഗ്യപ്രവർത്തകരുൾപ്പെടുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു ഡോക്ടറും പറക്കോട് സ്വകാര്യ ക്ലീനിക്കിലെ ഒരു പോരുവഴി സ്വദേശിയായ ഒരു നഴ്സും ഇതിലുൾപ്പെടുന്നു. നഴ്സിന്റെ സന്പർക്കപശ്ചാത്തലവും വ്യക്തമല്ല. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാർക്ക് കോട്ടയം ജില്ലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സന്പർക്കത്തിൽ മറ്റു മൂന്നുപേർ കൂടി രോഗികളായി. നേരത്തെ രോഗികളായവരുടെ കുടുംബങ്ങളിലുള്ളവരാണിവർ. ആന്റിജൻ പരിശോധനയിൽ നെഗറ്റീവായ ഒരാളുടെ ഫലം ആർടിപിസിആറിൽ പോസിറ്റീവായതിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
പ്രമാടം സ്വദേശി (37), ഏനാദിമംഗലം സ്വദേശിനി (64), ഏഴംകുളം സ്വദേശി (37), പന്തളം സ്വദേശി (24) എന്നിവരുടെ സന്പർക്കപശ്ചാത്തലവും വ്യക്തമല്ല.
നിരീക്ഷണത്തിൽ 7862 പേർ
പത്തനംതിട്ട ജില്ലയിൽ ഇന്നലെവരെ നിരീക്ഷണത്തിലുള്ളത് 7862 പേരാണ്. വിവിധ കേസുകളിലെ സന്പർക്കപ്പട്ടികയിലെ 5049 പേരാണ് നിരീക്ഷണത്തിൽ. ആശുപത്രി ഐസൊലേഷനിൽ 282 പേരുണ്ട്. 19 പേരെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ 823 സാന്പിളുകളാണ് പരിശോധനയ്ക്കെടുത്തത്. 216 റാപ്പിഡ് ആന്റിജൻ പരിശോധന ഇന്നലെ നടന്നു. ആർടിപിസിആർ പരിശോധനയ്ക്ക് 579 സാന്പിളുകൾ ശേഖരിച്ചു. 28 ട്രൂനാറ്റ് പരിശോധനകളും നടന്നു. കടന്പനാട് കേന്ദ്രീകരിച്ചാണ് ഇന്നലെ ആന്റിജൻ പരിശോധന നടന്നത്. വയോജന മന്ദിരങ്ങളിലും കോവിഡ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
സന്പർക്കവ്യാപനം ഏറെയും കുടുംബങ്ങളിൽ, കുന്പഴ എസ്റ്റേറ്റിൽ അഞ്ചുപേർക്കു കൂടി കോവിഡ്
കുന്പഴ എസ്റ്റേറ്റിൽ മുന്പ് രോഗം സ്ഥിരീകരിച്ച ടാപ്പിംഗ് തൊഴിലാളിയുടെ സന്പർക്കത്തിൽ അഞ്ചുപേർ കൂടി ഇന്നലെ പോസിറ്റീവായി. വട്ടത്തറ ഡിവിഷൻ, മലയാലപ്പുഴ ഭാഗങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇരവിപേരൂരിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഹാർഡ് വെയർ വ്യാപാരിയുടെ സന്പർക്കത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏഴു പേർ കൂടി രോഗബാധിതരായി. ഇവരിൽ ഒന്നും നാലും വയസുള്ള രണ്ട് കുട്ടികൾ കൂടിയുണ്ട്. മെഴുവേലി ആംബുലൻസ് ഡ്രൈവറുടെ സന്പർക്കപ്പട്ടികയിൽ രണ്ടുപേർ കൂടി പോസിറ്റീവായി. കലഞ്ഞൂരിൽ ആയുർവേദ ആരോഗ്യപ്രവർത്തകയുടെ സന്പർക്കപ്പട്ടികയിൽ നിന്ന് രണ്ടുപേർ കൂടിയാണ് രോഗബാധിതരായത്. കല്ലൂപ്പാറയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച മേസ്തിരി ജോലിക്കാരന്റെ സന്പർക്കത്തിലും രണ്ടുപേർ കൂടി രോഗബാധിതരായി.
നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന അടൂരിലെ ബാർബർ, കടന്പനാട് പഞ്ചായത്ത് മെംബർ, നെടുന്പ്രം ടീ ഷോപ്പ് ഉടമ, അടൂരിലെ കിണർ റിംഗ് നിർമാണ തൊഴിലാളി എന്നിവരുടെ സന്പർക്കപ്പട്ടികയിൽപെട്ട ഓരോരുത്തർ വീതം ഇന്നലെ പോസിറ്റീവായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ജില്ലയിൽ വിദേശ, ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുടെ സന്പർക്കത്തിലുള്ളവരാണ്.
എറണാകുളവുമായി ബന്ധപ്പെട്ട സന്പർക്കത്തിൽ ഇലന്തൂർ, കുന്നന്താനം എന്നിവിടങ്ങളിൽ ഓരോരുത്തർ കോവിഡ് പോസിറ്റീവായി. തിരുവനന്തപുരം സന്പർക്കത്തിൽ മല്ലപ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കുന്പഴ ക്ലസ്റ്ററിൽ രണ്ടും കായംകുളം ബന്ധത്തിൽ ഏഴും പുതിയ രോഗികൾ
പത്തനംതിട്ട: കുന്പഴ ക്ലസ്റ്ററിൽ ഇന്നലെ രണ്ടുപേർ കൂടി രോഗബാധിതരായി. കുന്പഴ, കടമ്മനിട്ട എന്നിവിടങ്ങളിലാണ് രോഗബാധിതർ. ഇതോടെ കുന്പഴ ക്ലസ്റ്ററിലെ രോഗബാധിതരുടെ എണ്ണം 344 ലെത്തി.
കായംകുളം മാർക്കറ്റുമായുള്ള സന്പർക്കത്തിൽ പഴകുളം സ്വദേശികളായ ഏഴുപേരാണ് ഇന്നലെ രോഗബാധിതരായത്.
നേരത്തെ രോഗബാധിതനായ ആളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയാണ് രോഗബാധിതരായിട്ടുള്ളത്.
കൂടുതൽ ക്ലസ്റ്ററുകൾ നിയന്ത്രണവിധേയം
പത്തനംതിട്ട: ഏഴു ദിവസങ്ങൾ തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ പത്തനംതിട്ട എആർ ക്യാന്പ്, കുറ്റപ്പുഴ, കോട്ടാങ്ങൽ ക്ലസ്റ്ററുകൾ നിയന്തണവിധേയമായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവല്ല തുകലശേരി കേന്ദ്രീകരിച്ചുണ്ടായിരുന്ന ക്ലസ്റ്റർ നേരത്തെ തന്നെ ഇല്ലാതായിട്ടുണ്ട്.