പത്തനംതിട്ട: ശബരിമല മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീര്‍ഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി കേരള മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷ അഥോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സേഫ് സോണ്‍ 2019 - 20 പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് നടക്കും.
ഇലവുങ്കല്‍ സേഫ്സോണ്‍ മെയിന്‍ കണ്ട്രോളിംഗ് ഓഫീസില്‍ നടക്കുന്ന സേഫ് സോണ്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെട്രോളിംഗ് ഫ്ളാഗ് ഓഫ് കർമം ആന്റോ ആന്റണി എംപിയും പദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാശനം ട്രാന്‍സ്പോര്‍ട്ട് റോഡ് സുരക്ഷാ കമ്മീഷണര്‍ ശങ്കര്‍ റെഡിയും നിര്‍വഹിക്കും.
എംഎല്‍എമാരായ വീണാ ജോര്‍ജ്, പി.സി ജോര്‍ജ്, ഗതാഗത ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, തദ്ദേശ സ്വയംഭരണ അംഗങ്ങള്‍, മോട്ടോര്‍വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഈ വര്‍ഷം നടപ്പിലാക്കുന്ന സേഫ് സോണ്‍ പദ്ധതി പ്രകാരം 16 മുതല്‍ 2020 ജനുവരി 20 വരെ സേഫ് സോണ്‍ മേഖലയായ ശബരിമല പാതകളില്‍ 24 മണിക്കൂറും പെട്രോളിംഗ് നടത്തി അപകടരഹിതമായ ഒരു തീർഥാടനകാലം ഭക്തര്‍ക്ക് ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിലേക്കായി എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലായി രണ്ട് സബ് ഡിവിഷനുകളും പ്രവര്‍ത്തിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് സേണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം, എരുമേലി എന്നിവിടങ്ങളിലായി 24 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
400 കിലോമീറ്റര്‍ വരുന്ന സേഫ്സോണ്‍ പദ്ധതിപ്രദേശത്ത് ബ്ലോക്ക് ഒഴിവാക്കാനായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്. ശ്രീലേഖ, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമാരായ മുരളി കൃഷ്ണന്, അജിത് കുമാര്‍, സ്പെഷല്‍ ഓഫീസര്‍ പി.പി. സുനില്‍ ബാബു, നോഡല്‍ ഓഫീസര്‍ ഡി. മഹേഷ്, പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് എന്നിവരാണ് സേഫ് സോണ്‍ പദ്ധതിക്ക് നേതൃത്വം വഹിക്കുക.
18 പെട്രോളിംഗ് വാഹനങ്ങളും സൂപ്പര്‍ വിഷനും മറ്റ് ആവശ്യങ്ങള്‍ക്കായി 21 വാഹനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും. അപകടമുണ്ടായാല്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും.
40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് ടയര്‍ പഞ്ചര്‍, റിപ്പയര്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തന സജ്ജമാണ്.
പമ്പ ഗസ്റ്റ് ഹൗസില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സേഫ് സോണ്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ അവലോകന യോഗം ഇന്ന് മൂന്നിനു നടക്കും.