പത്തനംതിട്ട: പട്ടികജാതിക്കാരായ തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.
ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ തെരഞ്ഞെടുത്ത 25 യുവതി യുവാക്കള്‍ക്ക് സ്റ്റൈപ്പന്റോടെ കളമശേരി കീഡ് കാമ്പസിലായിരുന്നു പരിശീലനം. കീഡ് സിഇഒ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശരത് വി. രാജ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ.എസ്. സാബു, സംരംഭകനും ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ സുദീപ് എന്നിവര്‍ പരിശീലനാര്‍ഥികള്‍ക്ക് ട്രെയിനിംഗ് കിറ്റ് വിതരണം ചെയ്തു.
ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യകൃഷി മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, സംരംഭകരുടെ അനുഭവം പങ്കിടല്‍ എന്നിവ ക്രമീകരിച്ചായിരുന്നു പരിശീലനം.
20 മുതല്‍ ഓഗസ്റ്റ് ആറ് വരെ കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്ന അടുത്ത ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info സന്ദര്‍ശിക്കുക.