പത്തനംതിട്ടയിൽ
കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയോട് കൂറും വിധേയത്വവും പുലർത്തുമെന്ന പ്രതിജ്ഞ ലംഘിച്ച് ഭരണഘടനയെ അവഹേളിച്ച് പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് കെപിസിസി അംഗം പി. മോഹൻരാജ്. കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനകോടികൾ പരിപാവനമായി കരുതുന്ന ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്ത് എഴുതിച്ചതാണെന്ന മന്ത്രിയുടെ പ്രസംഗം ഭരണഘടനാ ശിൽപികളെ അവഹേളിക്കുന്നതാണെന്നും സജി ചെറിയാൻ രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും പി. മോഹൻരാജ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, സുനിൽ എസ്. ലാൽ, റോഷൻ നായർ, ഡിസിസി അംഗങ്ങളായ പി.കെ. ഗോപി, ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ പി.കെ. ഇക്ബാൽ, നാസർ തൊണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ, അഫ്സൽ ആനപ്പാറ, ഷാനവാസ് പെരിങ്ങമല, സി.കെ. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി:ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച സത്യപ്രതിജ്ഞാ ലഘംനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മല്ലപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. സുബാഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഭാരതീയ ദളിത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി.ജി. ദിലിപ് കുമാർ ഉദ്ഘാടനം ബ്ലോക്ക് സെക്രട്ടറിമാരായ സാം പട്ടേരി, സുനിൽ നിരവുപുരം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി, സൂസൻ തോംസൺ, സിന്ധു സുബാഷ്, അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹൻ, ബിന്ദു മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സജി ചെറിയാനെ
പുറത്താക്കണം:
ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയ്ക്കെതിരേ ഗുരുതര പരാമർശങ്ങൾ നടത്തുകയും ഡോ. അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികളെ അവഹേളിക്കുകയും ചെയ്ത സംസ്ഥാന മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയോട് കൂറും ജനാധിപത്യത്തോട് പ്രതിബദ്ധതയുമില്ലാതെ താത്കാലിക അഡ്ജസ്റ്റ്മെന്റിന്റെ പേരിൽ ഭരണം നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയും മന്ത്രിയും ഭരണഘടനയെ തള്ളി പറയുന്നതിൽ അത്ഭുതമില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
നിയമസഭാംഗത്വത്തിൽ നിന്നു പുറത്താക്കണം-
യൂത്ത് ഫ്രണ്ട്
തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുകയും ഡോ. ബി.ആർ. അംബേദ്കർ അടക്കമുള്ള മഹാൻമാരെ അപമാനിക്കുകയും ചെയ്തതിലൂടെ ഇന്ത്യൻ നിയമവ്യവസ്ഥിതിയെ തന്നെ വെല്ലുവിളിച്ച മന്ത്രി സജി ചെറിയാനെ നിയമസഭാംഗത്വത്തിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു.
സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ച് നടത്തിയിരിക്കുന്ന വീക്ഷണം നാടിനു തന്നെ അപമാനമുളവാക്കുന്നതാണെന്നും രാജേഷ് അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയിൽ യുവമോർച്ച പ്രവർത്തകർ മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു.
മന്ത്രി മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ സമരം.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും മന്ത്രിയുടെ കോലവുമായി യുവമോർച്ച പ്രവർത്തകർ പ്രകടനമായി ഗാന്ധി സ്ക്വയറിൽ എത്തിയശേഷം കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഭരണഘടനയിൽ വിശ്വാസമില്ലാത്ത സജി ചെറിയാന് മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും ഉടൻ രാജിവയ്ക്കണമെന്നും യുവമോർച്ച നേതാക്കൾ ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരേ
കേസെടുക്കണം:
പുതുശേരി
തിരുവല്ല: ഇന്ത്യൻ ഭരണഘടനയേയും ഭരണഘടനാ ശില്പികളെയും അധിക്ഷേപിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ വിശദീകരണം വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
കൊള്ളയടിക്കാനും ചൂഷണം ചെയ്യാൻ ഇടയാക്കുന്നതാണ് ഭരണഘടന എന്നതടക്കം പറഞ്ഞതൊന്നും മന്ത്രി നിഷേധിച്ചിട്ടില്ല. എന്നു മാത്രമല്ല, താൻ ഈ പറഞ്ഞതിന് വിരുദ്ധമായി ആരു പറഞ്ഞാലും താൻ അത് അംഗീകരിക്കുകയില്ലെന്നു കൂടി മന്ത്രി മല്ലപ്പള്ളി പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ക്ഷമാപണമോ നാക്കു പിഴവ് എന്ന വ്യാഖ്യാനമോ ഒന്നും കൊണ്ട് ഈ ഗുരുതര പ്രശ്നത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് പുതുശേരി അഭിപ്രായപ്പെട്ടു.
പ്രിവെൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ട് 1971 സെക്ഷൻ 2 പ്രകാരം മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ പോലീസ് ഉടൻ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് കീഴ്വാ യ്പൂര് എസ്എച്ച്ഒയ്ക്കു പുതുശേരി പരാതി നൽകി.
മന്ത്രി രാജിവയ്ക്കണം: ബിജെപി
പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തു തുടരാനും ഭരണഘടനാപരമായ പദവി വഹിക്കാനും ധാർമികമായി അവകാശമില്ലെന്നും അവർ അഭിപ്രായപ്പെട്ടു.