റാന്നി: റാന്നിയിലെ പട്ടയ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സ്പെഷൽ ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജന് ഉറപ്പുനല്‍കിയതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നിയിലെ പട്ടയ വിഷയങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എ അവതരിപ്പിച്ച അടിയന്തര ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പട്ടയപ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന ഒരു നിയോജക മണ്ഡലമാണ് റാന്നി. റാന്നിയുടെ വിവിധ ഭാഗങ്ങളിലായി ആറായിരത്തിലധികം പട്ടയങ്ങളാണ് ലഭിക്കാനുള്ളത്. ഗ്രോ മോര് ഫുഡ് പദ്ധതി പ്രകാരം 1971നു മുമ്പ് ഭൂമിയില്‍ താമസിച്ച് കൃഷി ആരംഭിച്ചവര്‍, വലിയ തോട്ടങ്ങള്‍ ചില്ലറയായി വാങ്ങിയവര്‍, ആദിവാസികള്‍ക്ക് ലഭിച്ച ഭൂപ്രദേശം, വനമേഖലയോടു ചേര്‍ന്നുള്ള ഭൂമി ഉള്‍പ്പെടെ ഇതിലുണ്ട്. ഇവയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, ഇതര വകുപ്പുകളുടെ അനുമതിക്ക് വിധേയമായി പട്ടയം അനുവദിക്കാവുന്നത്, റവന്യൂ വകുപ്പിന്റെ അനുമതി മാത്രം വേണ്ടത്, ജില്ലയിലെ റവന്യൂ അധികാരികളുടെ പ്രവര്‍ത്തന ഫലമായി പട്ടയം അനുവദിക്കാവുന്നത് എന്നിങ്ങനെ പലതരത്തിലുണ്ട്.
പമ്പാവാലി, അറയാഞ്ഞിലിമണ്‍, കൊല്ലമുള, മണ്ണടിശാല, എക്സ് സര്‍വീസ്മെന്‍ കോളനി, അരയന്‍പാറ, ചണ്ണ, അടിച്ചിപ്പുഴ, ചൊള്ളനാവയല്‍, കരികുളം, കണ്ണന്നുമണ്‍, പെരുനാട് തൊണ്ടിക്കയം, നെടുമണ്‍ ഉഴം, അത്തിക്കയം തെക്കേത്തൊട്ടി, വലിയപതാല്‍, തോണിക്കടവ്, കുടമുരുട്ടി, പരുവ, കക്കുടുക്ക, കടുമീന്‍ചിറ, അട്ടത്തോട്, കുരുമ്പന്‍മൂഴി, മണക്കയം, പെരുമ്പെട്ടി - വലിയകാവ്, വടശേരിക്കര, മുക്കുഴി, ഒളികല്ല് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും പട്ടയം ലഭിക്കാനുള്ളത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സംയുക്ത സര്‍വേ ടീമിനെ ഉള്‍പ്പെടെ നിയോഗിക്കണമെന്ന നിർദേശമാണ് എംഎൽഎ മുന്നോട്ടുവച്ചത്.