പോലീസുമായി
ഉന്തും തള്ളും
പത്തനംതിട്ട: തിരുവനന്തപുരത്ത് എകെജി സെന്ററിനുനേരെ ആക്രമണം നടന്ന വിവരം പുറത്തുവന്നതിനു പിന്നാലെ പത്തനംതിട്ടയിലും സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സിപിഎം ജില്ലാ ഓഫീസില്‍ നിന്നും അർധരാത്രിയോടെ ആരംഭിച്ച പ്രകടനം ഡിസിസി ഓഫീസിലേക്കാണെന്നറിഞ്ഞതോടെ പോലീസ് നടപടികൾ കർശനമാക്കി. ഡിസിസി ഓഫീസിലേക്കു തിരിയുന്ന റോഡിൽ പോലീസ് വാഹനമിട്ട് പ്രവര്‍ത്തകരെ തടഞ്ഞതിനെത്തുടര്‍ന്ന് ഉന്തും തള്ളുമായി. പ്രകോപനകരമായ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.
അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലും രാത്രിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഇന്നലെ പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രഖ്യാപനവും പ്രതിഷേധ യോഗവും നടത്തി. ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ യോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻ. സജികുമാർ ഉദ്ഘാടനം ചെയ്തു. എം.വി. സഞ്ജു, പി.കെ. അനീഷ്, എം.ജെ. രവി, അബ്ദുൾ മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ
തിരുവല്ല: സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റിയുടെ നേത്രത്വത്തിൽ തിരുവല്ലയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി ഉദ്ഘാടനം ചെയ്തു. ജെനു മാത്യു, പ്രമോദ് ഇളമൺ, കെ. ബാലചന്ദ്രൻ, രവി പ്രസാദ് എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: സിപിഎം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയാ സെക്രട്ടറി ബിനു കാക്കനാടൻ ഉദ്ഘാടനം ചെയ്തു.
കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുകുമാരൻ, ബിന്ദു ചന്ദ്രമോഹൻ, എസ്. രാജേഷ് കുമാർ, ഇ.കെ. അജി, ഷിനു കുര്യൻ, ജോർജ്കുട്ടി പരിയാരം, കെ.കെ. വത്സല, രതീഷ് പീറ്റർ എന്നിവർ പ്രസംഗിച്ചു.
കോഴഞ്ചേരിയിൽ
കോഴഞ്ചേരി: സിപിഎം നേതൃത്വത്തിൽ കോഴഞ്ചേരിയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ആർ. അജയകുമാർ, പി.ബി. സതീഷ് കുമാർ, കെ.എം. ഗോപി, ബിജിലി പി. ഈശോ തുടങ്ങിയവർ പ്രസംഗിച്ചു.