കോഴഞ്ചേരി: എല്ലാവര്ക്കും മികച്ച ചികിത്സ നല്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും,ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയർ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മികച്ച ചികിത്സ ലഭ്യമാകുന്നതിനേക്കാളുപരി രോഗം വരാതിരിക്കാനാണു നാം ലക്ഷ്യമിടേണ്ടത്. നീതി ആയോഗിന്റെ സുസ്ഥിര വികസനസൂചികയില്‍ കേരളം ഒന്നാമതാണ്. ഈ ഒന്നാം സ്ഥാനം നമ്മുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. മാതൃമരണനിരക്ക്, ശിശു മരണനിരക്ക് എന്നിവ കേരളത്തില്‍ തീരെ കുറവാണ്.
സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികള്‍ സംബന്ധിച്ച് അവബോധം നല്‍കുക, ആരോഗ്യസംരക്ഷണത്തിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക, ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യമേളയ്ക്ക് മുന്നോടിയായി കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച വിളംബരറാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ഫ്ളാഗ്ഓഫ് ചെയ്തു. ആരോഗ്യമേളയുടെ ഭാഗമായി സെമിനാറുകളും അലോപ്പതി, ഡെന്റൽ, ആയുര്‍വേദം, ഹോമിയോ, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്, ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും അഡോളസെന്റ് കൗൺസലിംഗ് ഹെല്‍ത്ത് എക്സിബിഷന്, ഫുഡ് എക്സിബിഷന്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്ക്, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, സ്റ്റാളുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. സന്തോഷ്, എസ്. ഉഷാകുമാരി, ജോര്‍ജ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ തുടങ്ങിയവർ പ്രസംഗിച്ചു.