പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ രംഗശ്രീ തിയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥ ഇന്ന് മുതല്‍ ജില്ലയില്‍ പര്യടനം തുടങ്ങും. സര്‍ക്കാരിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കലാജാഥ 20 കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്.
25ന് അടൂര്‍ (9.30), പഴകുളം (11.30), കടമ്പനാട് (1.30), ഏനാത്ത് (3.30), കൊടുമണ്‍ (5.30), 26ന് പന്തളം(9.30), ഇലവുംതിട്ട (11.30), കോഴഞ്ചേരി (1.30), മല്ലപ്പള്ളി (3.30), എഴുമറ്റൂര്‍ (5.30), 27ന് റാന്നി (9.30), വെച്ചൂച്ചിറ (11.30), നാറാണംമൂഴി (1.30), പെരുനാട് (3.30), വടശേരിക്കര (5.30), 28ന് മലയാലപ്പുഴ (9.30), കലഞ്ഞൂര്‍ (11.30), കോന്നി (1.30), പ്രമാടം (3.30), പത്തനംതിട്ട (5.30) എന്നിവിടങ്ങളിലുമായാണ് കലാജാഥ പര്യടനം.
സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍കിട പദ്ധതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ കലാരൂപേണ ജനമനസുകളില്‍ എത്തിക്കുക എന്നതാണ് കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. രംഗശ്രീയുടെ 11 കലാകാരികളാണ് കലാജാഥയില്‍ അണിനിരക്കുന്നത്. കരിവള്ളൂര്‍ മുരളി സംഗീതവും സംവിധാനവും നിര്‍വഹിച്ച സംഗീത ശില്പം, റഫീഖ് മംഗലശേരി രചനയും സംവിധാനവും ചെയ്ത നാടകം എന്നിവ അടങ്ങുന്നതാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള കലാജാഥ. ഉഷ തോമസിന്റെ നേതൃത്വത്തില്‍ ഷേര്‍ളി ഷൈജു, സുധ സുരേന്ദ്രന്, അംബികരാജന്, ടി.പി. ഹേമലത, അംബിക അനില്‍, ആര്‍ച്ച അനില്‍, വത്സല പ്രസന്നന്, അമ്മുപ്രിയ, എ.ഡി. പൊന്നമ്മ, എം.ജെ. ഏലിക്കുട്ടി എന്നീ കലാകാരികളാണ് കലാജാഥയില്‍ അണിനിരക്കുന്നത്.