കോന്നി: ബാലസംഘം വേനൽതുമ്പി ഏരിയാ തല ക്യാമ്പിൽ ഭക്ഷ്യ വിഷ ബാധ. വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത 24 കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ക്ഷീണവും ഛർദിയും അനുഭവപ്പെട്ടതിനേ തുടർന്ന് ഇവരെ വള്ളിക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
അദ്വൈത്(14), രാജലക്ഷ്മി (28), അഭിഷേക്(17), അനശ്വര(11), നായന (17), ജസ്റ്റിൻ (15), അർച്ചന(12),നന്ദന (18), നിഖിൽ (17), വിശാഖ്(15), ആദിത്യ(15), അഭിഷേക് (15), ശ്രീലക്ഷ്മി (16), അനന്ദു(17), സുധി (17), ആശ്രയ(15), അമൽ (17), ജിബിൻ(19), മീന(9), അഭിനവ് (13), അദ്വൈത്(8), ഹരിത (16), സുധി (16), ഐശ്വര്യ (19) എന്നിവരെ പ്രാഥമിക ചികിത്സകൾക്കുശേഷം വിട്ടയയച്ചു. കഴിഞ്ഞ 13 നാണ് വള്ളിക്കോട് നാഷണൽ യുപി സ്കൂളിൽ ബാലസംഘം വേനൽ തുമ്പി ഏരിയ പരിശീലന ക്യാമ്പ് ആരംഭിച്ചത്.
16നു വൈകുന്നേരം പുറത്തു നിന്നു കൊണ്ടുവന്ന ഫ്രൈഡ് റൈസും ചിക്കൻ കറിയും കുട്ടികൾ കഴിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനേ തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്.
വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ നടന്ന ബാലസംഘം ക്യാന്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു. കുട്ടികൾക്ക് ക്യാന്പിൽ എത്തിച്ച ഭക്ഷണത്തെ സംബന്ധിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.