കലഞ്ഞൂർ: ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽ നിന്നും സ്പെഷൽ ഫീസും പൊതു പരീക്ഷകളുടെ ഫീസും അടക്കാൻ സാന്പത്തികമായി പ്രയാസമനുഭവിക്കുന്ന അർഹരായ കുട്ടികളെ സഹായിക്കാനായി ഹിന്ദി ക്ലബ്. കലഞ്ഞൂർ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ക്ലബ് സ്ഥാപിച്ചിട്ട് 15 വർഷങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചാണ് പദ്ധതി തയാറാക്കുന്നത്.
പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൂർവ വിദ്യാർഥി ദിലിന്റെ സഹായധനം മൂലധനമാക്കി സ്നേഹധാര 2022 എന്ന പേരിൽ പരീക്ഷാ ഫീസ് അടയ്ക്കാൻ സഹായ പദ്ധതിയുമായി ഹിന്ദി ക്ലബ് മുന്നോട്ടു വന്നത്.
സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്ന സാന്പത്തിക ബുദ്ധിമുട്ടുള്ള അർഹരായ കുട്ടികളുടെ സ്പെഷൽ ഫീസും പൊതു പരീക്ഷകളുടെ ഫീസുമാണ് സ്നേഹധാരയിൽ ഉൾപ്പെടുത്തി ഹിന്ദി ക്ലബ് അടയ്ക്കുന്നത്.
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 2015ൽ നടന്ന നിക്ഷേപ നന്മ എന്ന സേവന പ്രവർത്തനത്തിന്റെ കണ്‍വീനറായിരുന്ന ഇപ്പോൾ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ദിലിൻ എന്ന പൂർവ വിദ്യാർഥിയാണ് സ്നേഹധാര പദ്ധതിയുടെ തുക ഹിന്ദി ക്ലബിന് സംഭാവന നൽകിയത്. പ്രിൻസിപ്പൽ എം. സക്കീന ആദ്യ ഗഡു ഏറ്റുവാങ്ങി. ഓണ്‍ലൈനായി നടന്ന വാർഷികാഘോഷ സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.
കലഞ്ഞുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു, സജയൻ ഓമല്ലൂർ, രാജേഷ് എസ്. വള്ളിക്കോട്, ആശാ സജി, രമാ സുരേഷ്, ദിലിൻ, ഷീലാ വിജയൻ, സതീഷ് കുമാർ, എസ്. ലാലി, ടി. നിർമല, ജിമ്മി ജോർജ്, വി. വിജേഷ്, ഫിലിപ്പ് ജോർജ്, ആർ. മുരളീധരൻ നായർ, വി. അനിൽ, പി. ജയ ഹരി, മനോഹരൻ നായർ, പ്രശാന്ത് കോയിക്കൽ, അംജിത്, പ്രദീപ് കുമാർ, ഗിരിധർ പ്രദീപ് എന്നിവർ പ്രസംഗിച്ചു.