ആനിക്കാട്: മൂന്ന് ഗ്രാമപഞ്ചായത്തുകൾക്കു പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ സമഗ്ര ജലവിതരണ പദ്ധതിയും പാതിവഴിയിൽ. പ്രതീക്ഷകളോടെ ജനം കാത്തിരുന്ന ഒരു പദ്ധതിയിൽ ശുദ്ധീകരണശാലയും കിണറുകളും ടാങ്കുകളും എല്ലാം പൂർത്തീകരിച്ചിട്ടും പൈപ്പിട്ട് വെള്ളമെത്തിക്കുന്നതിലാണ് കാലതാമസം.
വേനൽ കടുത്തതോടെ മൂന്ന് പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ആനിക്കാട്ട് നിലവിലുള്ള പുല്ലുകുത്തി പന്പ് ഹൗസിലെ മോട്ടോർ പ്രവർത്തനക്ഷമതയില്ലാത്തതിനാൽ വെള്ളം കിട്ടാതെ ജനം വലയുകയാണ്.
ആനിക്കാട് പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ നിലവിലുണ്ടായിരുന്ന ഹനുമാൻകുന്ന്, കാരിക്കാമല പദ്ധതികൾ അപര്യാപ്തമായതിനാലും ശുദ്ധീകരിക്കാത്ത വെള്ളം നൽകുന്നതും കണക്കിലെടുത്താണ് ആനിക്കാട്ടെ പുളിക്കാമല കേന്ദ്രീകരിച്ച് പുതിയ പദ്ധതിക്ക് അനുമതി ലഭിച്ചത്.
മല്ലപ്പള്ളി, ആനിക്കാട് ഗ്രാമപഞ്ചായത്തുകൾ പൂർണമായും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലും ജലവിതരണം നടത്താൻ കഴിയുന്ന തരത്തിലാണ് മല്ലപ്പള്ളി ജലവിതരണ പദ്ധതി തയാറാക്കിയത്.
ഈ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം മുൻനിർത്തി രൂപീകരിച്ച ജനകീയ കമ്മിറ്റി 2012ൽ അന്നത്തെ ജലവിഭവമന്ത്രി പി.ജെ. ജോസഫിനെ കണ്ട് നിവേദനം നൽകിയതിനേ തുടർന്ന് അടൂർ പ്രോജക്ട് ഡിവിഷൻ വിശദമായ പഠനം നടത്തി, പദ്ധതി രൂപരേഖ തയാറാക്കി. പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ജലവിതരണ പദ്ധതിക്ക് അന്നത്തെ യുഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു.
ഒന്നാംഘട്ടമായി 798 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരുന്നത്. ആനിക്കാട് പഞ്ചായത്തിലെ കോഴിമണ്ണിൽ കടവിനു സമീപം ഒന്പത് മീറ്റർ വ്യാസമുള്ള കിണറും പന്പ് ഹൗസും പുളിക്കാമലയിൽ 10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന ശുദ്ധീകരണ ശാലയുമാണ് ഒന്നാംഘട്ടത്തിൽ നിർദേശിക്കപ്പെട്ടത്.
മൂന്നു പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് പദ്ധതിയുടെ ശുദ്ധീകരണശാലയ്ക്ക് ആവശ്യമായ 75 സെന്റ് വസ്തു കണ്ടെത്തിയത്. കൂടാതെ പദ്ധതിയുടെ കിണറിലേക്കുള്ള വഴി, നാരകത്താനിയിൽ പുതിയ ടാങ്കിനുള്ള സ്ഥലം എന്നിവയും സൗജന്യമായി ലഭിച്ചു. 2016 ഫെബ്രുവരി അഞ്ചിന് അന്നത്തെ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിർമാണോദ്ഘാടനവും നടത്തി. ആദ്യഘട്ടത്തിലുൾപ്പെടുത്തി ജലശുദ്ധീകരണശാല പണി പൂർത്തീകരിച്ചു. നബാർഡിന്റെകൂടി ധനസഹായത്തിൽ 6.78 കോടി രൂപ ലഭ്യമാക്കിയാണ് കിണറും ശുദ്ധീകരണശാലയും പൂർത്തീകരിച്ചത്. കോഴിമണ്ണിൽകടവിൽ കിണറും പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന ടാങ്കുമാണ് നിർമിച്ചത്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിന് പിന്നീട് മന്ത്രിയായി എത്തിയ സ്ഥലം എംഎൽഎ കൂടിയായ മാത്യു ടി. തോമസിന്റെ കാലഘട്ടത്തിൽ 24 കോടി രൂപ കൂടി അനുവദിച്ചു. കിണറിൽ നിന്ന് ശുദ്ധീകരണശാലയിലേക്ക് വെള്ളം പന്പു ചെയ്യാനുള്ള പ്രധാന പൈപ്പുകൾ, പന്പ ്സെറ്റുകൾ, ശുദ്ധീകരിച്ച വെള്ളം പന്പു ചെയ്യാനുള്ള പ്രധാന പൈപ്പുകൾ, ശുദ്ധീകരിച്ച വെള്ളം ഉയർന്ന സ്ഥലത്തുനിന്നും താഴേക്ക് ഒഴുക്കാനുള്ള പ്രധാന പൈപ്പുകൾ, ജലവിതരണത്തിനുള്ള സംഭരണികൾ എന്നിവയാണ് രണ്ടാംഘട്ടത്തിലെ പണം കൊണ്ടു പൂർത്തീകരിച്ചത്. പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നിവിടങ്ങളിൽ പുതിയ ടാങ്കുകളും പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലും ടാങ്കുകളുടെ നവീകരണവും പൂർത്തിയായി. ഇവയെല്ലാം നോക്കുകുത്തികളായി ഇന്ന് അവശേഷിക്കുന്നു.
പൈപ്പിടാൻ പൊതുമരാമത്ത്
വകുപ്പ് അനുമതി നൽകിയില്ല
മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ സമഗ്ര ശുദ്ധജലവിതരണ പദ്ധതിക്കുവേണ്ടി പൈപ്പിടാൻ പൊതുമരാമത്തുവകുപ്പുമായി ധാരണയുണ്ടാക്കാത്തതു മാത്രമാണ് ഇപ്പോഴത്തെ പ്രശ്നം. 3.15 കോടി രൂപ ഇതിനായി ജലവിഭവവകുപ്പ് പൊതുമരാമത്ത് വകുപ്പിലേക്ക് അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ രണ്ട് വകുപ്പുകളിലായി കിടക്കുകയാണ്. മന്ത്രിതലത്തിൽ ചർച്ചയിലൂടെ തീരുമാനമുണ്ടാകേണ്ട വിഷയത്തിൽ ആവശ്യമായ സമ്മർദം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞയിടെ മല്ലപ്പള്ളിയിലെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മുന്പാകെ നാട്ടുകാർ വിഷയം ഉന്നയിച്ചിരുന്നു.
വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. നിലവിലുള്ള പുല്ലുകുത്തി പന്പ് ഹൗസിലെ മോട്ടോർ പ്രവർത്തനക്ഷമതയില്ലാത്തതിനാൽ വെള്ളം കിട്ടാതെ ജനം വലയുകയാണ്. പഴയതും പുതിയതും ഇല്ലാത്ത സ്ഥിതിയായി.