തിരുവല്ല: ഭാരത സർക്കാർ സാമൂഹിക നീതി മന്ത്രാലയം ആലി യവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ ദിവ്യജൻ, എംജി യൂണിവേഴ്സിറ്റി ഐആർഎൽഡി, തിരുവല്ല റോട്ടറി ക്ലബ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ശ്രവണ സഹായ പദ്ധതിയുടെ ഉദ്ഘാടനം തിരുവല്ലയിൽ മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു.
15000 രൂപ വിലയുള്ള ശ്രവണ സഹായി ജില്ലയിൽ 211 പേർക്കാണ് വിതരണം ചെയ്തത്. 322 ഉപകരണങ്ങൾ നൽകി. 50 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.
റോട്ടറി ക്ലബ് പ്രസിഡന്റ് റെജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചു, വൈസ് പ്രസിഡന്റ് സാലി ജോണ്, ഫാ.ജിനു കുരുവിള, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഏബ്രഹാം, ഡോ.ആർ.പി. ശർമ, ഡോ.കെ.എം. മുസ്തഫ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാത്യൂസ് കെ. ജേക്കബ്, കെ.സി. തോമസ്, പഞ്ചായത്തംഗം എൻ.ടി. ഏബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി. മാത്യു, പ്രമോദ് ഫിലിപ്പ്, എം. മധു, കുര്യൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.