കോട്ടാങ്ങൽ: പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും വർഷങ്ങളായി ഉപയോഗിച്ചു വന്നിരുന്ന നിർമലപുരം - മുഴയമുട്ടം -മണ്ണാറത്തറ വനം റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനം, ടൂറിസം, പൊതുമരാമത്ത്, ജലിവഭവ വകുപ്പു മന്ത്രിമാർക്കും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും ചുങ്കപ്പാറ - നിർമലപുരം ജനകിയവികസന സമിതി നിവേദനം നൽകി.
നിർമലപുരം നാഗപ്പാറ പ്രദേശത്തെ വലിയ തോട്ടിൽ മിനി ചെക്ക്ഡാം നിർമിക്കുക, നിർമലപുരം - കൂവപ്ലാവ് മിനി ജലവിതരണ പദ്ധതി നടപ്പാക്കുന്നതിനും ആവശ്യമായ ഫണ്ട് നൽകണമെന്നും ജനകീയ വികസനസമിതി ആവശ്യപ്പെട്ടു.
കാലങ്ങളായി ചുങ്കപ്പാറ, നിർമലപുരം നിവാസികൾ വ്യാപാര, ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വന്നിരുന്ന മാരംങ്കുളം - നിർമലപുരം - മണ്ണാറത്തറ റോഡ് വികസനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നാവശ്യവും നിവേദനത്തിലുണ്ട്.
നൂറു വർഷത്തിലധികം പഴക്കമുള്ള റോഡാണിത്. വലിയ വാഹനങ്ങൾ സുഗമമായി യാത്ര ചെയ്തിരുന്ന വനം റോഡ് ഗതാഗതയോഗ്യമല്ലാതെ താറുമാറായി കിടക്കുകയാണ്. കോട്ടയം, പാന്പാടി, നെടുംകുന്നം, കുളത്തൂർമൂഴി, മാരങ്കുളം എന്നിവിടങ്ങളിൽ നിന്ന് നിർമലപുര -മണ്ണാറത്തറ വഴി റാന്നിയിൽ എത്തിച്ചേരാൻ ഏറ്റവും ദൈർഘ്യം കുറഞ്ഞതും ഗതാഗതകുരുക്ക് ഇല്ലാത്തതും വിവിധ തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വാർഡ് മെംബർ ജോളി ജോസഫ്, മുൻ പഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം, ബിറ്റോ മാപ്പുര്, റെഞ്ചി മോടിയിൽ, സോണി കൊട്ടാരം, ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.